ശ്രീകൂടല്‍മാണിക്യം തിരുവുൽസവം; ഭഗവാന്‍ ആറാട്ടിനായി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി…
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന്‍ ആറാട്ടിനായി ചാലക്കുടി കൂടപ്പുഴ ആറാട്ട് കടവിലേക്ക് എഴുന്നള്ളി. രാവിലെ പശുക്കുട്ടിയുടെ കരച്ചില്‍ കേട്ടുണരുന്ന ദേവന് കണി കാണിച്ച് ദിനചര്യകള്‍ പൂര്‍ത്തിയാക്കി അലങ്കരിച്ച് പൂജ കഴിച്ചു. വിളക്ക് വെച്ച് പാണി കൊട്ടി അകത്തേക്കെഴുന്നള്ളിച്ചു. എതൃത്തപൂജയ്ക്ക് ശേഷം ആറാട്ട് ക്രിയകള്‍ തുടങ്ങി.വാദ്യഘോഷങ്ങളോടെ കൂടപ്പുഴ ആറാട്ട് കടവിലേക്ക് രാവിലെ ഒൻപത് മണിയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യ സ്വാമിക്ക് കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി. വടകുറുംബക്കാവ് ദുർഗ്ഗാദാസൻ തിടമ്പേറ്റി. നന്തിലത്ത് ഗോവിന്ദകണ്ണനും കൊളക്കാടൻ കുട്ടികൃഷ്ണനും അകമ്പടിയായി. ഒട്ടേറെ ഭക്തജനങ്ങൾ ചടങ്ങുകൾക്ക് സാക്ഷിയായി.ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കൂടപ്പുഴ ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്ന് പൂജ നടത്തി പള്ളിനീരാട്ട് നടത്തും. തുടര്‍ന്ന് ആറാട്ട് കഞ്ഞി വിതരണം നടക്കും. വൈകീട്ട് നാലിന് തിരിച്ചെഴുന്നള്ളിപ്പ് ആരംഭിക്കും. എഴുന്നള്ളിപ്പ് ഇരിങ്ങാലക്കുട പള്ളിവേട്ട ആല്‍ത്തറയ്ക്കല്‍ എത്തിയാല്‍ പ്രഗത്ഭ വാദ്യകലാകാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യം ആരംഭിക്കും. തിരിച്ചെഴുന്നള്ളുന്നതിന് ഭക്തജനങ്ങള്‍ മുറ്റത്ത് കോലമിട്ട് നിറപറയും നിലവിളക്കുമായി ഭഗവാനെ സ്വീകരിക്കും. പഞ്ചവാദ്യ എഴുന്നള്ളിപ്പ് കുട്ടന്‍കുളം പന്തലിലെത്തിയാല്‍ ചെമ്പട വക കൊട്ടി പാണ്ടിമേളം ആരംഭിക്കും. അകത്ത് കടന്നാല്‍ബാക്കി പന്ത്രണ്ട് പ്രദക്ഷിണം പൂര്‍ത്തിയാക്കി കൊടിക്കല്‍ പറ നടത്തും. കൊടിയിറക്ക് കര്‍മം നിര്‍വഹിച്ച് ഭഗവാനെ അകത്തേക്കെഴുന്നള്ളിക്കും. ഇതോടെ പത്തു ദിവസം നീണ്ടുനിന്ന ക്ഷേത്രോത്സവം സമാപിക്കും.















