ശ്രീകൂടൽമാണിക്യ തിരുവുൽസവം ; പഞ്ചാരിയുടെ നാദധാരയിൽ ആദ്യ ശീവേലി….
ഇരിങ്ങാലക്കുട: ശ്രീകൂടൽമാണിക്യ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പഞ്ചാരിയുടെ നാദധാരയിൽ നടന്ന ആദ്യ ശീവേലി എഴുന്നള്ളത്ത് ഭക്തി സാന്ദ്രമായി. രാവിലെ 8.30 ന് പുറത്തേക്ക് എഴുന്നള്ളിച്ച തിടമ്പ് പാറമേക്കാവ് കാശിനാഥൻ ശിരസ്സിലേറ്റി. പല്ലാട്ട് ബ്രഹ്മദത്തൻ ഇടത്തും കുട്ടംകുളങ്ങര അർജ്ജുനൻ വലതും നിലയുറപ്പിച്ചു.തുടർന്ന് ഉള്ളാനകളായ നന്തിലത്ത് ഗോപി കണ്ണൻ , ദേവസ്സ് ആരോമൽ എന്നിവരുടെ അകമ്പടിയോടെ പ്രദക്ഷിണം പൂർത്തിയാക്കി കിഴക്കേ നടപ്പുരയിലെത്തിയപ്പോൾ കലാനിലയം ഉദയൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പഞ്ചാരിമേളത്തിൻ്റെ പതികാലം ഉയർന്നു. തുടർന്ന് രണ്ടും മൂന്നും കാലങ്ങൾ തെക്കുഭാഗത്തും നാലും അഞ്ചും കാലങ്ങൾ പടിഞ്ഞാറെ നടപ്പുരയിലും കൊട്ടി തീർത്തു.തുടർന്ന് കുലീപിനി തീർത്ഥകരയിലൂടെ ചെമ്പട കൊട്ടി കിഴക്കേ നടപ്പുരയിലെത്തി തിരുകലാശം നടത്തിയതോടെ ആദ്യ ശീവേലി എഴുന്നള്ളത്തിന് സമാപനമായി.
മൂന്നാം ഉൽസവദിനമായ വെള്ളിയാഴ്ച (മെയ് 1 ) രാവിലെ 9 മുതൽ മുതൽ ശീവേലി, രാത്രി 9.30 മുതൽ വിളക്ക്, ഉച്ചതിരിഞ്ഞ് ഒരു മണി മുതൽ സംഗമം വേദിയിലും സ്പെഷ്യൽ വേദിയിലുമായി തിരുവാതിരക്കളി, ശാസ്ത്രീയ നൃത്തം , ഭജൻസ്, ഭരതനാട്യം, മോഹിനിയാട്ടം, ഭക്തിഗാനമേള, സംഗീതാർച്ചന , ഇരട്ട തായമ്പക, കഥകളി എന്നിവ അരങ്ങേറും.















