ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാനതല ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ജനുവരി 18 മുതൽ; അയ്യങ്കാവ് മൈതാനത്തിൻ്റെ അവസ്ഥ മോശവും ദയനീയവുമെന്ന് മുൻ ഫുട്ബോൾ താരങ്ങളുടെ വിമർശനം
ഇരിങ്ങാലക്കുട : ഒളിമ്പ്യൻ സ്പോർട്ടിംഗ് എഫ് സി യുടെ ആഭിമുഖ്യത്തിൽ ജനുവരി 18 മുതൽ 25 വരെ അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടത്തുന്ന ഒളിംപ്യൻ ഒ ചന്ദ്രശേഖരൻ മെമ്മോറിയൽ സംസ്ഥാനതല ഇൻവിറ്റേഷൻ ഇൻ്റർക്ലബ് ഫുട്ബോൾ ടൂർണ്ണമെൻ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 18 ന് വൈകീട്ട് 6 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്യുമെന്ന് ടൂർണ്ണമെൻ്റ് കമ്മിറ്റി പ്രസിഡൻ്റ് എം കെ പ്രഹ്ളാദൻ , സെക്രട്ടറി ജോസഫ് എ വി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ഇരിങ്ങാലക്കുടയുടെ മണ്ണിൽ ജനിച്ച ഒളിംപ്യൻ ചന്ദ്രശേഖരൻ്റെ ഓർമ്മ നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെ മുൻ ഫുട്ബോൾ താരങ്ങളുടെ നേത്യത്വത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി, ഗോകുലം കേരള എഫ്സി, കേരള പോലീസ്, കേരള യുണൈറ്റഡ് എഫ്സി തുടങ്ങിയ രാജ്യത്തെ പ്രമുഖ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. 2500 പേർക്ക് ഇരിക്കാവുന്ന ഗ്യാലറിയും ഒരുക്കുന്നുണ്ട്. വൈകീട്ട് 7 ന് ആരംഭിക്കുന്ന മൽസരങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന അയ്യങ്കാവ് മൈതാനത്തിൻ്റെ അവസ്ഥ ഇപ്പോൾ മോശവും ദയനീയവുമാണെന്ന് മുൻ താരങ്ങൾ വിമർശിച്ചു. ലക്ഷങ്ങൾ ചിലവഴിച്ചാണ് മൽസരങ്ങൾക്കായി ഇപ്പോൾ മൈതാനം സജ്ജമാക്കിയിരിക്കുന്നത്. മൈതാനം ടർഫ് ചെയ്യുന്നതിനോട് യോജിപ്പില്ലെന്നും ടർഫ് മൈതാനങ്ങളോട് യൂറോപ്യൻ രാജ്യങ്ങൾ വരെ വിട പറയുകയാണെന്നും അവ പരിസ്ഥിതി സൗഹാർദ്ദമല്ലെന്നും കളിക്കാർക്ക് പരിക്കുകൾ എല്ക്കാനുള്ള സാധ്യതകൾ കൂടുതലാണെന്നും അയ്യങ്കാവ് മൈതാനം കളിക്കളമായി നിലനിറുത്തുകയാണ് വേണ്ടതെന്നും മുൻ താരങ്ങൾ ചൂണ്ടിക്കാട്ടി. സംഘാടകരും മുൻ താരങ്ങളുമായ എൻ കെ സുബ്രമണ്യൻ, സി പി അശോകൻ, ഇട്ടി മാത്യു, തോമസ് കാട്ടൂക്കാരൻ, കെ ജെ ഫ്രാൻസിസ് , അജി തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















