സെൻ്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ; തിരുനാളിന് നാളെ കൊടിയേറ്റും; കത്തീഡ്രലിൻ്റെ നേതൃത്വത്തിൽ ഈ വർഷവും ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ.
ഇരിങ്ങാലക്കുട : ജനുവരി 10, 11, 12 തീയതികളിലായി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ജനുവരി 7 ന് രാവിലെ 6.40 ന് തിരുനാളിന് കൊടിയേറ്റുമെന്ന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ, ജനറൽ കൺവീനർ ഷാജു പന്തലിപ്പാടൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ 11 ന് രാവിലെ 10.30 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ കാർമ്മികത്വം വഹിക്കും. വൈകീട്ട് 3.30 ന് പ്രദക്ഷിണം, 7 ന് വർണ്ണമഴ എന്നിവയാണ് പരിപാടികൾ. മതസൗഹാർദ്ദ സമ്മേളനം , ഫ്യൂഷൻ മ്യൂസിക് ഷോ, ബാൻ്റ് മേളം, പഞ്ചാരിമേളം തുടങ്ങിയ പരിപാടികളും വിവിധ ദിവസങ്ങളിൽ നടക്കും. എട്ടാമിടമായ ജനുവരി 18 ന് വൈകീട്ട് 5.30 ന് ദിവ്യബലി, പള്ളി ചുറ്റി പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം ആചാരപരമായ ചടങ്ങുകളോടെ തിരുനാളിന് കൊടിയിറക്കും. ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ കത്തീഡ്രലിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. ട്രസ്റ്റിമാരായ പി ടി ജോർജ്ജ്, സാബു ജോർജ്ജ് ചെറിയാടൻ, തോമസ് തൊകലത്ത്, അഡ്വ എം എം ഷാജൻ ,സംഘാടകരായ സൈമൺ കുറ്റിക്കാടൻ, തോമസ് കെ ജോസ്, ജോമി ചേറ്റുപുഴക്കാരൻ, ഷാബു പാറയിൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















