ഇരിങ്ങാലക്കുടയിൽ എഡ്യൂക്കേഷണൽ ഹബ്ബ് യാഥാർഥ്യമാകുന്നു

ഇരിങ്ങാലക്കുടയിൽ എഡ്യൂക്കേഷണൽ ഹബ്ബ് യാഥാർഥ്യമാകുന്നു; ആദ്യഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക അസാപും സംഗമഗ്രാമമാധവൻ പഠന ഗവേഷണ കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ

ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യൂക്കേഷണൽ ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ :ആർ.ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവർത്തികൾ നേരത്തെ ആരംഭിച്ചിരുന്നു. ഇത് അന്തിമ ഘട്ടത്തിലാണ്. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഒന്നര എക്കർ സ്ഥലത്താണ് എഡ്യൂക്കേഷണൽ ഹബ്ബ് ഉയരുക.72094 ചതുരശ്ര അടിയിൽ എഴ് നിലകളിലായിട്ടാണ് എഡ്യൂക്കേഷണൽ ഹബ്ബിന് വേണ്ടിയുള്ള കെട്ടിടം നിർമ്മിക്കുന്നത്.

 

പ്രൊഫെഷണൽ വിദ്യാഭ്യാസ രംഗത്തെ പ്രധാന സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരള (സിവിൽ സർവീസ് അക്കാദമി ), അഡിഷണൽ സ്കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ് ), കേരള ലാംഗ്വേജ് നെറ്റ് വർക്ക്, സംഗമഗ്രാമ മാധവൻ പഠന ഗവേഷണ കേന്ദ്രം, അച്ചടി പഠന രംഗത്തെ സർക്കാർ സ്ഥാപനമായ സി ആപ്റ്റ്, നിർദ്ധിഷ്ട സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് എന്നീ സ്ഥാപനങ്ങളാണ് ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട എഡ്യൂക്കേഷണൽ ഹബ്ബിൽ പ്രവർത്തനം ആരംഭിക്കുക എന്ന് മന്ത്രി അറിയിച്ചു.എഡ്യൂക്കേഷണൽ ഹബ്ബ് നിർമ്മാണത്തിന്റെ നോഡൽ ഓഫീസർ പി പി സുരേഷ്കുമാർ, ആർ. ഇന്ദുലാൽ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: