ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; കലാനിലയം വാർഡിൽ മൽസരരംഗത്ത് പുതുമുഖങ്ങൾ; വെള്ളക്കെട്ടും തകർന്ന റോഡുകളും തോടുകളുടെ സംരക്ഷണവും തെരുവ് നായശല്യവും സജീവവിഷയങ്ങൾ
ഇരിങ്ങാലക്കുട : സാംസ്കാരിക സ്ഥാപനമായ ഉണ്ണായിവാര്യർ കലാനിലയത്തിൻ്റെ പേരിലുള്ള വാർഡിൽ ( നമ്പർ 23) ഇക്കുറി പുതുമുഖങ്ങളായ വനിതകളുടെ മൽസരമാണ് . കഴിഞ്ഞ പതിനഞ്ച് വർഷങ്ങളായി ബിജെപി മേധാവിത്വം തുടരുന്ന വാർഡ് കൂടിയാണിത്.
വിജയം ആവർത്തിക്കാൻ വി എച്ച്പി മാതൃശക്തി ജില്ലാ സംയോജികയായി പ്രവർത്തിക്കുന്ന ഗീത പുതുമനയെയാണ് ബിജെപി അവതരിപ്പിച്ചിട്ടുള്ളത്. വാർഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കഴിഞ്ഞ കാലങ്ങളിൽ എറെ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തോടുകൾ സമയബന്ധിതമായി വൃത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അമൃത് കുടിവെള്ള പദ്ധതിയുടെ പ്രയോജനം പരമാവധി പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തെരുവുനായ പ്രശ്നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും സ്ഥാനാർഥി പറയുന്നു.
വാർഡിലെ ആശ പ്രവർത്തകയായ ജുനീഷ പ്രവീണനെയാണ് വാർഡ് പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിട്ടുള്ളത്. പെരുവല്ലിപ്പാടത്തെ വെള്ളക്കെട്ട്, തെരുവുനായ ശല്യം, വൃത്തിയാക്കാത്ത രാമഞ്ചിറ തോട്, തെക്കേ നട റോഡ് ഉൾപ്പെടെ തകർന്ന റോഡുകൾ – വാർഡിലെ പ്രശ്നങ്ങൾ എറെയാണെന്നും പരിഹരിക്കാൻ കഴിഞ്ഞ കാലങ്ങളിൽ നടപടികൾ ഒന്നും ഉണ്ടായിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർഥി ചൂണ്ടിക്കാണിക്കുന്നു.
വാർഡിൻ്റെ സാന്നിധ്യമാകാൻ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്ന് വന്നിട്ടുള്ള , മഹിള അസോസിയേഷൻ പ്രവർത്തകയായ സൗമ്യ സിബോഷിനെയാണ് എൽഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പെരുവല്ലിപ്പാടത്തെ വെള്ളക്കെട്ട്, രാമൻഞ്ചിറ തോട് സംരക്ഷണം, തെക്കേ നട റോഡ് ഉൾപ്പെടെ തകർന്ന റോഡുകൾ , തെരുവ് നായ്ക്കളുടെ ശല്യം – അടിസ്ഥാന സൗകര്യങ്ങളിൽ വാർഡ് എറെ പുറകിലാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ചൂണ്ടിക്കാണിക്കുന്നു.
കലാനിലയം വാർഡിൽ നിന്ന് തന്നെയുള്ള , അയൽവാസികൾ കൂടിയാണ് മൂന്ന് പേരും. 1180 വോട്ടുകളാണ് ഇവിടെ ഉള്ളത്. ശക്തമായ ത്രികോണ മത്സരം തന്നെയാണ് കലാനിലയം വാർഡിൽ .















