ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; സെൻ്റ് ജോസഫ്സ് കോളേജ് വാർഡിൽ ത്രികോണ മത്സരം ; ചർച്ചകളിൽ നിറയുന്നത് കുടിവെള്ളക്ഷാമവും വെള്ളക്കെട്ടും ഉൾപ്പെടെയുള്ള വിഷയങ്ങൾ
ഇരിങ്ങാലക്കുട : വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം കൊണ്ട് എറെ പ്രധാന്യമുള്ള വാർഡാണ് നഗരസഭയിലെ നമ്പർ 19 സെൻ്റ് ജോസഫ്സ് കോളേജ് വാർഡ്. സെൻ്റ് ജോസഫ്സ് കോളേജ്, ലിറ്റിൽ ഫ്ലവർ ഹയർ സെക്കൻഡറി സ്കൂൾ, ജ്യോതിസ് കോളേജ്, ബിഷപ്പ് ഹൗസ്, വ്യാപാരഭവൻ എന്നിവ സ്ഥിതി ചെയ്യുന്ന വാർഡിൽ നഗരസഭ ഭരണസമിതിയിലേക്ക് ത്രികോണമൽസരമാണ് .
നിലവിലെ ഭരണകക്ഷി അംഗമായ ഒ എസ് അവിനാശിനെയാണ് സ്ഥാനാർഥിയായി യുഡിഎഫ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷക്കാലം മുനിസിപ്പൽ ഓഫീസ് വാർഡിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും സെൻ്റ് ജോസഫ്സ് കോളേജ് വാർഡിനെയും സമഗ്ര വികസനത്തിൻ്റെ പാതയിലേക്ക് നയിക്കുമെന്ന ഉറപ്പുമായിട്ടാണ് കെ എസ്ഇ ജീവനക്കാരനും ബിടെക്ക് ബിരുദധാരിയുമായ യുഡിഎഫ് സ്ഥാനാർഥി വാർഡിലേക്ക് ഇറങ്ങി ചെല്ലുന്നത്. കുടിവെള്ള ക്ഷാമം, മാലിന്യനിർമാർജ്ജനം , പാർക്ക് റോഡിലെ വെള്ളക്കെട്ട് തുടങ്ങിയ വിഷയങ്ങളിൽ ഇടപെടൽ വേണ്ടി വരുമെന്ന് അവിനാശ് ചൂണ്ടിക്കാട്ടുന്നു.
2000- 2005, 2005- 2010 , 2015 – 2020 കാലഘട്ടങ്ങളിൽ കൗൺസിലർ സ്ഥാനം വഹിക്കുകയും പ്രതിപക്ഷ നിരയിലെ സജീവ സാന്നിധ്യമായി മാറുകയും ചെയ്ത പി വി ശിവകുമാറാണ് എൽഡിഎഫ് സ്ഥാനാർഥി. ദീർഘകാലമായി യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭയ്ക്ക് പുതിയ കുടിവെള്ള പദ്ധതികൾ ഇല്ലാത്തത് മൂലം വാർഡിൽ നേരിടുന്ന കുടിവെള്ളക്ഷാമവും ഷീ ലോഡ്ജിന് മുന്നിലെ അശാസ്ത്രീയ കാന നിർമ്മാണം മൂലം പാർക്ക് റോഡിൽ ഉടലെടുക്കുന്ന വെള്ളക്കെട്ടുമെല്ലാം ചൂണ്ടിക്കാട്ടിയാണ് പി വി ശിവകുമാർ ജനവിധി തേടുന്നത്.
കന്നിയങ്കത്തിന് ഇറങ്ങുന്ന സുഭാഷ് നെടുമ്പിള്ളിയാണ് ബിജെപി സ്ഥാനാർഥി. വാർഡിൽ ഉൾപ്പെടുന്ന കോളനികൾ നേരിടുന്ന കുടിവെള്ളക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അടഞ്ഞ് കിടക്കുന്ന പട്ടികജാതി കൺസോർഷ്യവും കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്ന വാഗ്ദാനവുമെല്ലാം ഗായകൻ കൂടിയായ ബിജെപി സ്ഥാനാർഥിയുടെ വാക്കുകളിൽ നിറയുന്നുണ്ട്.
രണ്ട് റൗണ്ട് പ്രചരണം സ്ഥാനാർഥികൾ പൂർത്തിയാക്കി കഴിഞ്ഞു. 1400 ഓളം വോട്ടർമാരാണ് വാർഡിൽ ഉള്ളത്















