ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ചന്തക്കുന്ന് വാർഡിൽ മൽസരരംഗത്ത് അഞ്ച് പേർ

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; ചന്തക്കുന്ന് വാർഡിൽ മൽസരരംഗത്ത് അഞ്ച് പേർ; വാർഡിൻ്റെ വികസനത്തോടൊപ്പം സ്വതന്ത്ര സ്ഥാനാർഥിയായി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടിൻ്റെ കടന്നുവരവും ചർച്ചാ വിഷയം

 

ഇരിങ്ങാലക്കുട : അഞ്ച് സ്ഥാനാർഥികൾ. നാല് പേർ മൽസരരംഗത്ത് പുതുമുഖങ്ങൾ. യുഡിഎഫിൻ്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗത്തിന് അനുവദിച്ച സീറ്റിൽ കോൺഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡൻ്റിൻ്റെ സ്വതന്ത്ര സ്ഥാനാർഥിയായുള്ള രംഗപ്രവേശം. ഇതേ ചൊല്ലിയുളള രാഷ്ട്രീയ ചർച്ചകൾ . നഗരസഭ തിരഞ്ഞെടുപ്പിൽ വാർഡ് 18 ചന്തക്കുന്ന് ചർച്ചകളിൽ നിറഞ്ഞത് ഇങ്ങനെയൊക്കെ. സെൻ്റ് തോമസ് പള്ളിയും മാർക്കറ്റും ഡയബറ്റീസ് സെൻ്ററുമൊക്കെ നിലകൊള്ളുന്ന എറെ പ്രാധാന്യമുള്ള മേഖല കൂടിയാണ് വാർഡിലുള്ളത്. അപകട ഇൻഷുറൻസ് എടുക്കാതെ മാർക്കറ്റ് റോഡിലൂടെ യാത്ര ചെയ്യാൻ നേരിട്ട യാതനകൾ സമീപകാല ചരിത്രവും .

വ്യാപാരിയായ ലാസർ കോച്ചേരിയെയാണ് യുഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിയായി അവതരിപ്പിക്കുന്നത്. വാർഡിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന ഉറപ്പുമായിട്ടാണ് സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്. കുടിവെള്ളക്ഷാമം , റോഡുകൾ , മാർക്കറ്റിൻ്റെ പ്രൗഡി വീണ്ടെടുക്കൽ എന്നീ പദ്ധതികളാണ് മനസ്സിലുള്ളതെന്ന് സ്ഥാനാർഥി വെളിപ്പെടുത്തുന്നു. പാർട്ടി ഡെപ്യൂട്ടി ചെയർമാനും മുൻ എംഎൽഎ യുമായ അഡ്വ തോമസ് ഉണ്ണിയാടൻ തന്നെയാണ് വാർഡിലെ പ്രചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ടും മാർക്കറ്റിലെ വ്യാപാരിയുമായ സിക്സൺ മാളക്കാരനാണ് ബിജെപി സ്ഥാനാർഥി. നഗരസഭ പരിധിയിലെ തകർന്ന് കിടക്കുന്ന റോഡുകളും സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്ഥാനാർഥി ചർച്ചാ വിഷയമാക്കുന്നുണ്ട്

എൽഡിഎഫിൽ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം സ്ഥാനാർഥിയായി മൽസരിക്കുന്നത് സിഎസ്എ , ഐക്കഫ്, വൈഎംസിഎ , എകെസിസി, സിവൈഎം , ആഗ്രയ ചാരിറ്റബിൾ ട്രസ്റ്റ്, ഹൃദയ പാലിയേറ്റീവ് കെയർ എന്നീ സംഘടനകളിലും സെൻ്റ് തോമസ് കത്തീഡ്രൽ ജീവനക്കാരൻ, പള്ളി കമ്മിറ്റി അംഗം, കൈക്കാരൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള റോബി കാളിയങ്കരയാണ്. വാർഡിലെ റോഡുകളുടെ ദാരുണമായ അവസ്ഥകളും വെള്ളക്കെട്ടുമെല്ലാം എൽഡിഎഫ് പ്രചരണവേദികളിൽ ഉന്നയിക്കുന്നുണ്ട്.

കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ടും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ടും ടൗൺ സഹകരണ ബാങ്ക് നട ബ്രാഞ്ച് മാനേജരുമായ ജോസഫ് ചാക്കോ സ്വതന്ത്ര സ്ഥാനാർഥിയായി രംഗത്തുണ്ട്. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരും കൂടെയുണ്ട്. കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിച്ചാണ് മൽസരത്തിന് തയ്യാറായതെന്നും വാർഡിൻ്റെ സമഗ്ര വികസനത്തിന് വേണ്ടി ശ്രമിക്കുമെന്നും ജോസഫ് ചാക്കോ വിശദീകരിക്കുന്നുണ്ട്.

വ്യാപാരി കൂടിയായ ജോസ് പി വി യും സ്വതന്ത്ര സ്ഥാനാർഥിയായി വാർഡിൽ മൽസരരംഗത്തുണ്ട്. കോൺഗ്രസ്സും കേരള കോൺഗ്രസുമൊക്കെ ആയി സഹകരിച്ചിരുന്നുവെങ്കിലും വേണ്ട പരിഗണന ലഭിച്ചില്ലെന്ന പരാതി ജോസ് പി വിയുടെ വാക്കുകളിലുണ്ട്.

സ്വതന്ത്ര സ്ഥാനാർഥികളുടെ വരവോടെ ചന്തക്കുന്ന് വാർഡിൻ്റെ അവകാശിയാകാനുള്ള മൽസരത്തിന് തീവ്രത വർധിച്ച് കഴിഞ്ഞു.1050 ഓളം വോട്ടർമാരാണ് വാർഡിൽ ഉള്ളത്.

Please follow and like us: