ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; പ്രാദേശിക വിഷയങ്ങളിൽ നിറഞ്ഞ് മാപ്രാണം വാർഡിലെ പോരാട്ടം
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പിൽ മികവുറ്റ ത്രികോണ മത്സരത്തിന് വേദിയാവുകയാണ് വാർഡ് നമ്പർ 6 മാപ്രാണം വാർഡ് . സാമൂഹ്യ -സാംസ്കാരിക – രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നവരാണ് മൂന്ന് സ്ഥാനാർഥികളും. യുഡിഎഫ് – ബിജെപി സ്ഥാനാർഥികൾ നിലവിലെ ഭരണസമിതി അംഗങ്ങൾ കൂടിയാണ്. ബിജെപി മണ്ഡലം പ്രസിഡണ്ട് കൂടിയായ ആർച്ച അനീഷിനെയാണ് വാർഡ് നിലനിറുത്താൻ പാർട്ടി നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും മാപ്രാണം വാർഡിൽ നിന്നാണ് ആർച്ച അനീഷ് ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മാടായിക്കോണം സ്കൂൾ വഴി ചുണ്ടങ്ങ പാടം റോഡ് നിർമ്മാണം, 5, 6 വാർഡുകളിൽ വെള്ളക്കെട്ടിന് പരിഹാരമായി കുന്നുമ്മക്കര കാന നിർമ്മാണം, അമൃത് കുടിവെള്ള പദ്ധതി തുടങ്ങി കഴിഞ്ഞ അഞ്ച് വർഷക്കാലം വാർഡിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി സ്ഥാനാർഥി വോട്ടർമാരിലേക്ക് എത്തുന്നത്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, ബ്ലോക്ക് വൈസ്- പ്രസിഡണ്ട്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള കോൺഗ്രസ്സ് ബ്ലോക്ക് വൈസ്- പ്രസിഡണ്ട് കൂടിയായ ബൈജു കുറ്റിക്കാടനാണ് യുഡിഎഫ് സ്ഥാനാർഥി. ഹോളി ക്രോസ് വാർഡിൽ നിന്നും കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട ബൈജു കുറ്റിക്കാടൻ നിലവിൽ നഗരസഭ വൈസ് ചെയർമാൻ കൂടിയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഹോളി ക്രോസ് വാർഡിൽ ഒന്നരക്കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കിയതും മാപ്രാണം വാർഡിനെയും വികസനപാതയിലേക്ക് നയിക്കുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് യുഡിഎഫ് സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്.
കെപിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം, കണ്ഠേശ്വര്യം കലാഭവൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയും മാപ്രാണം ചാത്തൻ മാസ്റ്റർ ഹാളിൻ്റെ നിർമ്മാണം അടക്കമുള്ള വിഷയങ്ങളിൽ ഇടപെടുകയും ചെയ്ത സിപിഐ ലോക്കൽ കമ്മിറ്റി അംഗം പി സി രഘുവിനെയാണ് വാർഡിൻ്റെ പ്രതിനിധിയാകാൻ എൽഡിഎഫ് നിയോഗിച്ചിട്ടുള്ളത്. വാർഡിലെ റോഡുകളുടെ അവസ്ഥയും കോന്തിപുലത്ത് മാലിന്യങ്ങൾ തള്ളുന്നത് തടയാൻ ക്യാമറ സ്ഥാപിക്കാൻ ഭരണാധികാരികൾക്ക് കഴിയാതിരുന്നതുമെല്ലാം എൽഡിഎഫ് സ്ഥാനാർഥി തുറന്ന് കാണിക്കുന്നുണ്ട്.
ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും രണ്ട് അംഗൻവാടികളും ഉള്ള വാർഡിൽ 1347 വോട്ടർമാരാണുള്ളത്.















