ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; 43 വാർഡുകളിലായി ജനവിധി തേടുന്നത് 141 പേർ; 34 വാർഡുകളിൽ ത്രികോണ മത്സരം

ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ്; 43 വാർഡുകളിലായി ജനവിധി തേടുന്നത് 141 പേർ; 34 വാർഡുകളിൽ ത്രികോണമൽസരം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ 43 വാർഡുകളിലായി ജനവിധി തേടുന്നത് 141 സ്ഥാനാർഥികൾ. നാമനിർദ്ദേശിക പത്രികകൾ പിൻവലിച്ച് കഴിഞ്ഞപ്പോൾ വ്യക്തമായ ചിത്രമാണിത്. വാർഡ് 1 മൂർക്കനാട്, വാർഡ് 4 പീച്ചാംപിള്ളിക്കോണം, വാർഡ് 18 ചന്തക്കുന്ന് എന്നിവടങ്ങളിലാണ് കൂടുതൽ പേർ ജനപ്രതിനിധിയാകാൻ രംഗത്തിറങ്ങിയിരിക്കുന്നത് . അഞ്ച് വീതം സ്ഥാനാർഥികൾ ഇവിടെ അവസാന പട്ടികയിലുണ്ട്. 34 വാർഡുകളിൽ ത്രികോണമൽസരത്തിനാണ് വേദി ഒരുങ്ങുന്നത്.

വാർഡ് ഒന്ന് മൂർക്കനാടിൽ മുൻപഞ്ചായത്ത് പ്രസിഡണ്ട് ചിന്ത ധർമ്മരാജൻ, നിലവിലെ എൽഡിഎഫ് ഭരണസമിതി അംഗം നസീമ കുഞ്ഞുമോൻ എന്നിവർ മൽസരരംഗത്തുണ്ട്. ബിജെപി സ്ഥാനാർഥിയോടൊപ്പം ന്യൂനപക്ഷ മോർച്ച മുൻ ജനറൽ സെക്രട്ടറി ഷിയാസ് പാളയങ്കോടും സ്വതന്ത്ര്യ സ്ഥാനാർഥിയായി രംഗത്തുണ്ട്. മുൻ പഞ്ചായത്ത് അംഗം ടി എ പോൾ, നിലവിലെ ഭരണസമിതി അംഗം അൽഫോൺസ തോമസ് , മുൻ പഞ്ചായത്ത് അംഗം സത്യൻ നാട്ടുവള്ളി , മുൻ നഗരസഭ കൗൺസിലർ മാപ്രാണം ജെയ്സൻ എന്നിവർ രണ്ട്, മൂന്ന്, നാല് വാർഡുകളിലായി വീണ്ടും ജനവിധി തേടുന്നുണ്ട്. വാർഡ് 6 ൽ നിലവിലെ ഭരണസമിതി അംഗങ്ങളായ ആർച്ച അനീഷ് , ബൈജു കുറ്റിക്കാടൻ എന്നിവർ എൽഡിഎഫ് പി സി രഘുവിനൊപ്പം മൽസരരംഗത്തുണ്ട്. വാർഡ് 7 മാടായിക്കോണത്ത് നിലവിലെ ബിജെപി ഭരണസമിതി അംഗം ടി കെ ഷാജുട്ടൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ആർ എൽ ശ്രീലാൽ എന്നിവർ യുഡിഎഫ് സ്ഥാനാർത്ഥി വിനിത പള്ളിപ്പുറത്തോടൊപ്പം പ്രചരണരംഗത്തുണ്ട്. വാർഡ് 8 നമ്പ്യാങ്കാവിൽ നിലവിലെ എൽഡിഎഫ് അംഗം സി സി ഷിബിൻ , സ്വതന്ത്ര്യനായി മൽസരിക്കുന്ന മുൻ ബിജെപി കൗൺസിലർ രമേശ് വാര്യർ എന്നിവർ യുഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കൊപ്പം ജനവിധി തേടുന്നുണ്ട്. വാർഡ് 13 ഗാന്ധിഗ്രാമിൽ യുഡിഎഫ് സ്ഥാനാർഥിയായി മുൻ കൗൺസിലർ കുര്യൻ ജോസഫ് രംഗത്തുണ്ട്. ഇവിടെ എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾക്കൊപ്പം കോൺഗ്രസ്സ് വിമതനും രംഗത്തുണ്ട്. വാർഡ് 15 ആശുപത്രി വാർഡിൽ 43 വാർഡ് 16 മടത്തിക്കരയിൽ ദീർഘകാലത്തിന് ശേഷം ജനവിധി തേടുന്ന യുഡിഎഫ് സ്ഥാനാർഥി എം എസ് ദാസൻ സിപിഎം നേതാവ് ഡോ കെ പി ജോർജ്ജുമായിട്ടാണ് എറ്റുമുട്ടുന്നത്. വാർഡ് 17 ചാലാംപാടത്ത് നിലവിലെ ഭരണസമിതി അംഗം മിനി ജോസ് ചാക്കോള സ്ഥാനാർഥി പട്ടികയിലുണ്ട്. വാർഡ് 18 ചന്തക്കുന്നിൽ കേരള കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ കോൺഗ്രസ്സ് മുൻ മണ്ഡലം പ്രസിഡൻ്റ് തന്നെ രംഗത്തുണ്ട്. എൽഡിഎഫ്, ബിജെപി സ്ഥാനാർഥികൾ അടക്കം അഞ്ച് പേർ ഇവിടെ രംഗത്തുണ്ട്. വാർഡ് 19 സെൻ്റ് ജോസഫ്സ് കോളേജ് വാർഡിൽ നിലവിലെ യുഡിഎഫ് കൗൺസിലർ ഒ എസ് അവിനാശ്, മുൻ എൽഡിഎഫ് കൗൺസിലർ പി വി ശിവകുമാർ എന്നിവർ ബിജെപി സ്ഥാനാർഥിക്കൊപ്പം ജനവിധി തേടുന്നുണ്ട്. വാർഡ് 20 ഷൺമുഖം കനാൽ വാർഡിൽ മുൻ കൗൺസിലർ അഡ്വ വി സി വർഗ്ഗീസ്, വാർഡ് 21 ചേലൂരിൽ നിലവിലെ ഭരണ സമിതി അംഗം കെ എം സന്തോഷ് എന്നിവർ ജനവിധി തേടുമ്പോൾ വാർഡ് 22 മുനിസിപ്പൽ ഓഫീസ് വാർഡിൽ മുൻ നഗരസഭ ചെയർമാൻ എം പി ജാക്സൻ, നിലവിലെ എൽഡിഎഫ് അംഗം മാർട്ടിൻ ആലേങ്ങാടൻ എന്നിവർ ബിജെപി അംഗത്തോടൊപ്പം രംഗത്തുണ്ട്. വാർഡ് 24 പൂച്ചക്കുളത്ത് ബിജെപി കൗൺസിലർ അമ്പിളി ജയൻ , യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾക്കൊപ്പം ജനപ്രതിനിധി ആകാനുള്ള പോരാട്ടത്തിലുണ്ട്. വാർഡ് 27 കാരുകുളങ്ങരയിൽ നിലവിലെ ബിജെപി കൗൺസിലർ സന്തോഷ് ബോബൻ, യുഡിഎഫ് കൗൺസിലർ സുജ സഞ്ജീവ് കുമാർ എന്നിവർ ശക്തമായ പോരാട്ടത്തിലാണ് . വാർഡ് 28 കൂടൽമാണിക്യം വാർഡിൽ ബിജെപി അംഗം സ്മിത കൃഷ്ണകുമാർ, മുൻ യുഡിഎഫ് കൗൺസിലർ കെ എൻ ഗിരീഷ് എന്നിവരും വാർഡ് 37 പൊറത്തിശ്ശേരിയിൽ ബിജെപി അംഗം വിജയകുമാരി അനിലൻ, മുൻ എൽഡിഎഫ് കൗൺസിലർ ഷീബ ശശിധരൻ എന്നിവരും വാർഡ് 39 തളിയക്കോണം സൗത്ത് വാർഡിൽ നിലവിലെ എൽഡിഎഫ് അംഗം ലേഖ ഷാജൻ, മുൻ യുഡിഎഫ് അംഗം സിന്ധു അജയൻ എന്നിവരും വാർഡ് 40 കല്ലടയിൽ മുൻ യുഡിഎഫ് അംഗം വാഹിദ ഇസ്മയിലും വാർഡ് 43 പുറത്താടിൽ ബിജെപി അംഗം മായ അജയനും ജനവിധി തേടി മറ്റ് മുന്നണി സ്ഥാനാർഥികൾക്കൊപ്പം മൽസര രംഗത്തുണ്ട്

Please follow and like us: