ഇരിങ്ങാലക്കുടയിൽ നവംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന 36-മത് തൃശ്ശൂർ റവന്യു ജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നവംബര്‍ 18 മുതല്‍ 21 വരെ നടക്കുന്ന 36-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 19 ന് രാവിലെ 9.30 ന് മുഖ്യവേദിയായ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര താരം ജയരാജ് വാര്യർ കലാമേള ഉദ്ഘാടനം ചെയ്യും.22 വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ 8500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനറും വിദ്യാഭ്യാസ ഉപഡയക്ടറുമായ പി. എം. ബാലകൃഷ്ണന്‍ പത്രസമ്മേളനത്തിൽ അറിയിച്ചു. ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റ് ഗേള്‍സ് സ്കൂള്‍, സെന്‍റ്മേരീസ് സ്കൂള്‍, ഡോണ്‍ബോസ്കോ സ്കൂള്‍ തുടങ്ങിയവയാണ് മറ്റു വേദികള്‍. സംസ്കൃതോത്സവം നാഷണല്‍ സ്കൂളിലും അറബിക് കലോത്സവം ഗവ. എല്‍.പി. സ്കൂളിലുമാണ് നടക്കുക. സംഘാടക സമിതി പ്രോഗ്രാം കമ്മിറ്റി ഓഫീസുകള്‍ എന്നിവ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഭക്ഷണം ഗായത്രി ഹാളിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്. നവംബർ 17 ന് മൂന്ന് മണിക്ക് സെൻ്റ് മേരീസ് സ്കൂളിൽ നിന്നും സ്വർണ്ണക്കപ്പ് വഹിച്ച് കൊണ്ട് നടക്കുന്ന ഘോഷയാത്ര ടൗൺ ഹാളിൽ സമാപിക്കും.21 ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ. എ. എസ്. ഉദ്ഘാടനം ചെയ്യും.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി. ഷൈല, വൈസ് ചെയര്‍മാന്‍ എ. സി. സുരേഷ്, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ഷിജി ശങ്കര്‍ (പോഗ്രാം) സി. പി. ജോബി
(മീഡിയ) പി. ടി. സെമിറ്റോ (പബ്ലിസിറ്റി) സി. വി. സ്വപ്ന (റിസ്പഷന്‍) എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















