ഓൺലൈൻ പാർട്ട് ടൈം ജോബ് തട്ടിപ്പ് ; ആളൂർ സ്വദേശിയിൽ നിന്നും പന്ത്രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : ഓൺലൈൻ ജോബ് നൽകുന്ന ഏജൻസി ആണെന്നും ആമസോൺ പാർട്ട് ടൈം പ്രമോഷൻ വർക്കിലൂടെ നിക്ഷേപം ചെയ്താൽ വൻ ലാഭം ലഭിക്കുമെന്ന് വാഗ്ദാനം നൽകിയും ആളൂർ മാനാട്ടുകുളം സ്വദേശി സാഫല്യം വീട്ടിൽ ഹരീഷ് രവീന്ദ്രനാഥ് (38 വയസ്സ്) എന്നയാളിൽ 1180933/ ബാങ്ക് അക്കൗണ്ട് മുഖേന അയച്ച് വാങ്ങി ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരികെ നൽകാതെ തട്ടിപ്പ് നടത്തിയ മലപ്പുറം നെല്ലിക്കുത്ത് സ്വദേശി ചക്കിപ്പറമ്പൻ വീട്ടിൽ മുഹമ്മദ് മിഥിലാജ് (21 വയസ്സ്) എന്നയാളെ അറസ്റ്റ് ചെയ്തു.ഈ കേസ്സിലെ പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത പണത്തിൽ ഉൾപ്പെട്ട 50000/- (അമ്പതിനായിരം) രൂപ ട്രാൻസ്ഫർ ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് ഉൾപ്പടെ 15 പേരെക്കൊണ്ട് വിവിധ ബാങ്കുകളിൽ അക്കൗണ്ട് എടുപ്പിച്ച് ആയതിന്റെ പാസ് ബുക്കുകൾ,, എ ടി എം കാർഡുകൾ, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത സിം കാർഡുകൾ എന്നിവ പ്രതിയായ മുഹമ്മദ് മിഥിലാജ് കൈപ്പറ്റി സൈൈബർ തട്ടിപ്പുകൾ നടത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മുഹമ്മദ് മിഥിലാജ് തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷനിലെടുത്ത ഓൺലൈൻ ജോബ് തട്ടിപ്പിലൂടെ അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലും പ്രതിയാണ്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ സൈബർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുജിത്ത് പി എസ്, എസ് ഐ ആൽബി തോമസ് വർക്കി, ജി എസ് ഐ മാരായ ഗ്ലാഡിൻ ഫ്രാൻസിസ്, അശോകൻ ടി എൻ, സി.പി.ഒ സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.















