ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ കരുവന്നൂരിൽ തുടങ്ങി; സെൻ്ററിൻ്റെ മുന്നിൽ നിന്നും ബിജെപി യുടെ ബോർഡ് മാറ്റിയതിൽ പ്രതിഷേധം

ഇരിങ്ങാലക്കുട നഗരസഭയുടെ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ കരുവന്നൂരിൽ തുടങ്ങി; പ്രധാനമന്ത്രിക്ക് അഭിനന്ദങ്ങൾ നേർന്ന് കൊണ്ട് സെൻ്ററിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബോർഡ് നീക്കിയതിൽ പ്രതിഷേധം.

 

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി നിവാസികൾക്ക് പ്രാഥമിക ചികിൽസകൾ തേടാൻ ഇനി അർബൻ വെൽനെസ്സ് സെൻ്റർ. പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള 80 ലക്ഷത്തോളം രൂപയുടെ ഗ്രാൻ്റാണ് രണ്ട് വെൽനസ്സ് സെൻ്ററുകൾ തുടങ്ങാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്. ഇത് അനുസരിച്ച് വാർഡ് 29 കണ്ഠേശ്വരത്ത് 2023 സെപ്റ്റംബർ 8 ന് ആദ്യത്തെ വെൽനസ്സ് സെൻ്റർ പ്രവർത്തനം ആരംഭിച്ചിരുന്നു. രണ്ടാമത്തെ വെൽനസ്സ് സെൻ്റർ വാർഡ് 7 ൽ മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോട് അനുബന്ധിച്ച് ആരംഭിക്കാൻ നഗരസഭ അധികൃതർ തീരുമാനിച്ചിരുന്നുവെങ്കിലും ജില്ലാ ആരോഗ്യ വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് വാർഡ് 4 ൽ നഗരസഭയുടെ സുവർണ്ണ ജൂബിലി മന്ദിരത്തിൽ രണ്ടാമത്തെ വെൽനസ്സ് സെൻ്റർ ആരംഭിക്കാൻ ധാരണയായത്. 15 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് സെൻ്റർ ഒരുക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മണി മുതൽ വൈകീട്ട് 6 വരെ ഒരു ഡോക്ടർ, രണ്ട് സ്റ്റാഫ് നേഴ്സ്, ഒരു ഫാർമസിസ്റ്റ് എന്നിവരുടെ സേവനങ്ങളും പ്രാഥമിക പരിശോധനകളും ലാബ് ടെസ്റ്റുകളും മരുന്നുകളും ഇവിടെ നിന്ന് ലഭിക്കും. ബംഗ്ലാവ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അർബൻ വെൽനസ്സ് സെൻ്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെയ്സൻ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത് , ഫെനി എബിൻ വെള്ളാനിക്കാരൻ, സി സി ഷിബിൻ, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക്, വാർഡ് കൗൺസിലർ അൽഫോൺസ തോമസ് , ഡോ ഫാരിസ് , ഡോ ദേവിക തുടങ്ങിയവർ പങ്കെടുത്തു.

അതേ സമയം വെൽനസ്സ് കേന്ദ്രത്തിന് മുന്നിൽ സെൻ്ററിന് പണം അനുവദിച്ച പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് കൊണ്ട് പൊറത്തിശ്ശേരി ബിജെപി എരിയ കമ്മിറ്റി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് ഉദ്ഘാടന സമ്മേളനം നടക്കുന്നതിനിടയിൽ ” അപ്രത്യക്ഷ” മായത് വിവാദമായി. ബോർഡ് നഷ്ടപ്പെട്ടത് അറിഞ്ഞ് എത്തിയ ബിജെപി പ്രവർത്തകൻ ഷിയാസ് പാളയംങ്കോട് സ്ഥലത്ത് എത്തി. ഇതേ സമയം നഷ്ടപ്പെട്ട ബോർഡുമായി നഗരസഭ ഉദ്യോഗസ്ഥരുടെ വാഹനം കടന്നു പോകാൻ ശ്രമിച്ചത് ബിജെപി പ്രവർത്തകൻ തടഞ്ഞ് ബോർഡ് വണ്ടിയിൽ നിന്നും ഇറക്കി പ്രതിഷേധിച്ചു എല്ലാ ചൊവ്വാഴ്ചകളിലും നിയമവിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കാറുണ്ടെന്നും ഇതിൻ്റെ ഭാഗമായിട്ടാണ് ബോർഡ് നീക്കിയതെന്നും ചെയർപേഴ്സൺ മാധ്യമ പ്രവർത്തകരോട് വിശദീകരിച്ചു. നഗരഹൃദയത്തിൽ തന്നെ ഏതാനും ദിവസങ്ങളായി ബോർഡുകൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ചെയർപേഴ്സൺ മറുപടി നൽകി. അതേ സമയം സംഭവത്തിൽ പ്രതിഷേധിച്ച് വൈകീട്ട് ബംഗ്ലാവ് പരിസരത്ത് പ്രകടനം നടത്തുമെന്ന് ബിജെപി കേന്ദ്രങ്ങൾ അറിയിച്ചു.

Please follow and like us: