കാറളം പഞ്ചായത്തിലെ വഞ്ചിയും വലയും പദ്ധതി; വയോധികയെ പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും വാർത്തകളും വാസ്തവ വിരുദ്ധമെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും; മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധ നേടാനുള്ള ഗൂഡാലോചനയെന്നും വിമർശനം.
ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ മൽസ്യത്തൊഴിലാളിയെ വഞ്ചിയും വലയും പദ്ധതിയിൽ നിന്നും ഒഴിവാക്കിയെന്ന പരാതിയും ഇത് സംബന്ധിച്ച വാർത്തകളും വാസ്തവ വിരുദ്ധമാണെന്ന് വിശദീകരിച്ച് പഞ്ചായത്ത് അധികൃതരും ഫിഷറീസ് വകുപ്പ് അധികൃതരും . 2025- 26 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ കാറ്റഗറിയിൽ 5 പേർക്കും പട്ടികജാതി വിഭാഗത്തിൽ 5 പേർക്കുമായി പത്ത് പേർക്കാണ് മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് വഞ്ചിയും വലകളും നൽകിയത്. ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. വർഷങ്ങളായി മൽസ്യ ബന്ധനം നടത്തുന്ന പഞ്ചായത്തിൽ ഒന്നാം വാർഡിൽ താമസിക്കുന്ന ചെമ്മാപ്പിള്ളി വീട്ടിൽ പരേതനായ ശിവരാമൻ്റെ ഭാര്യ കാഞ്ചന ( 67) പദ്ധതി പ്രകാരം അപേക്ഷിച്ചിരുന്നു. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാർഗ്ഗരേഖ ഉണ്ടെന്നും ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള മൽസ്യത്തൊഴിലാളി ആയിരിക്കണമെന്നും ക്ഷേമനിധി നമ്പർ ഉണ്ടാകുമെന്നും എന്നാൽ കഴിഞ്ഞ ഏഴ് വർഷങ്ങളായി ഇവർ വിഹിതം അടച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതായി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എം എം ജിബിന ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. തുടർന്ന് വിഹിതം അടപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ബോർഡിൻ്റെ പട്ടികയിൽ കാഞ്ചനയെ അനുബന്ധ മൽസ്യത്തൊഴിലാളിയായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ക്ഷേമനിധി ബോർഡ് വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇവരെ വിവരം അറിയിക്കുകയും ഉപഭോക്ത്യവിഹിതം തിരിച്ച് നൽകുകയുമായിരുന്നു എന്നാൽ മൽസ്യത്തൊഴിലാളികളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ വിഷയത്തെ ചിലർ രാഷ്ട്രീയവല്ക്കരിക്കുകയായിരുന്നുവെന്നും ഇതിൻ്റെ പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷങ്ങളായി മൽസ്യത്തൊഴിലാളി മേഖലയിൽ മികച്ച രീതിയിൽ ഫണ്ട് ചിലവഴിക്കുന്ന പഞ്ചായത്താണ് കാറളമെന്നും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. വിഷയവുമായി ബന്ധപ്പെട്ടവരോട് കാര്യങ്ങൾ വിശദീകരിച്ചിരുന്നതായി കാറളം പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു പ്രദീപും അറിയിച്ചു.















