സിപിഐ സംസ്ഥാന കൗൺസിൽ; ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് ടി കെ സുധീഷ് സംസ്ഥാന കൗൺസിലിലേക്ക്
ഇരിങ്ങാലക്കുട : മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിപിഐ സംസ്ഥാന കൗൺസിലിലേക്ക് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും ഒരംഗം കൂടി. എഐടിയുസി ജില്ലാ പ്രസിഡണ്ടും നിരവധി ട്രേഡ് യൂണിയനുകളുടെ ചുമതലയും വഹിക്കുന്ന കാറളം സ്വദേശി ടി കെ സുധീഷാണ് ആലപ്പുഴയിൽ സമാപിച്ച സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പ്രൊഫ മീനാക്ഷി തമ്പാൻ, വി വി രാമൻ, കെ ശ്രീകുമാർ എന്നിവരാണ് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നും സിപിഐ സംസ്ഥാന കൗൺസിലിൽ അംഗങ്ങളായി പ്രവർത്തിച്ചിട്ടുള്ളത്. ക്രൈസ്റ്റ് കോളേജിൽ എഐഎസ്എഫിലൂടെ പ്രവർത്തനം ആരംഭിച്ച ടി കെ സുധീഷ് എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളുടെ ജില്ലാ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. 1995 ൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും 2000 ൽ കാറളം പഞ്ചായത്ത് പ്രസിഡണ്ടുമായി . സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയായി 11 വർഷവും കയ്പമംഗലം മണ്ഡലം സെക്രട്ടറിയായി മൂന്ന് വർഷവും പ്രവർത്തിച്ചു. സുധീഷ് അടക്കം 14 പേരാണ് ജില്ലയിൽ നിന്നും സംസ്ഥാന കൗൺസിലിൽ ഉള്ളത്. ജനയുഗം പത്രത്തിൻ്റെ ഇരിങ്ങാലക്കുട ലേഖകനായി മൂന്ന് വർഷം ടി കെ സുധീഷ് പ്രവർത്തിച്ചിട്ടുണ്ട്. കാറളം തേവരുപറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെയും വിലാസിനിയുടെയും മകനാണ്. ഉപഭോക്തൃ തർക്കപരിഹാര ഫോറം മുൻ പ്രസിഡണ്ട് അഡ്വ പത്മിനിയാണ് ഭാര്യ. നിയമ വിദ്യാർഥി ഇന്ദ്രജിത്ത് മകനാണ്.