നിക്ഷേപത്തുക നൽകണമെന്ന് ആവശ്യപ്പെട്ട് വയോധിക ദമ്പതികൾ ഐടിയു ബാങ്കിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരം പത്ത് മണിക്കൂറിന് ശേഷം പിൻവലിച്ചു; പിൻവലിച്ചത് ആർബിഐ യിൽ നിന്നും പണം ലഭിക്കുന്നത് വരെ ചികിൽസക്കും മറ്റ് ചിലവുകൾക്കുള്ള തുക കൈമാറാമെന്ന ബാങ്ക് അധികൃതരുടെ ഉറപ്പിൽ; കരുവന്നൂർ മോഡലിൽ ഐടിയു ബാങ്കിന് മുന്നിൽ സമരം ആവിഷ്ക്കരിക്കുമെന്നും ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ട് വരാൻ നടപടികൾ സ്വീകരിക്കുമെന്നും ബിജെപി
ഇരിങ്ങാലക്കുട : നിക്ഷേപത്തുക നൽകണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്കിന് മുന്നിൽ വയോധിക ദമ്പതികളും പെൺമക്കളും രാവിലെ പത്ത് മണി മുതൽ നടത്തി വന്ന കുത്തിയിരുപ്പ് സമരത്തിന് നാടകീയമായ പര്യവസാനം. പ്രവർത്തന സമയം കഴിഞ്ഞിട്ടും ബാങ്കിൽ ഈസ്റ്റ് കോമ്പാറ തേക്കാനത്ത് വീട്ടിൽ 79 വയസ്സുള്ള ഡേവിസും ഭാര്യയും മക്കളായ ജിജി ജിഷ എന്നിവർ സമരം തുടർന്നതോടെ ബാങ്ക് അധികൃതർ പ്രതിസന്ധിയിൽ ആവുകയായിരുന്നു. ഇതിനിടയിൽ സമരം ചെയ്യുന്ന വയോധിക ദമ്പതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി നേതാക്കളും പ്രവർത്തകരും രംഗത്ത് എത്തി. തുടർന്ന് അഞ്ച് മണിയോടെ എസ് ഐ കെ കെ സോജൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിതാവിൻ്റെ ചികൽസയ്ക്ക് ആവശ്യമായ പണം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ മക്കൾ ഉറച്ച് നിന്നു.അപേക്ഷ ലഭിച്ച ഉടനെ ആർബിഐ ക്ക് നൽകിയിട്ടുണ്ടെന്നും നടപടികൾ നടന്ന് വരികയാണെന്നും ഉടൻ ലഭിക്കുമെന്നും ബ്രാഞ്ച് മാനേജരും ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിൽ ആയതിനാൽ ഇടപെടാൻ പരിമിതികൾ ഉണ്ടെന്നും പോലീസും സൂചിപ്പിച്ചുവെങ്കിലും വ്യക്തമായ ഉറപ്പ് നൽകാതെ സമരം അവസാനിപ്പിക്കില്ലെന്നും മക്കൾ ആവർത്തിച്ചു. ഇതിനിടയിൽ പ്രതിഷേധ സമരം ശക്തമാക്കിയ ബിജെപി പണം നൽകാൻ ചെയർമാനും ഭരണ സമിതിയും തയ്യാറാകണമെന്നും ബാങ്കിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം കൊണ്ട് വരാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പാവങ്ങളുടെ പണം എടുത്ത് ധൂർത്തടിച്ച ചെയർമാൻ്റെ ശിങ്കിടികൾ നീതി പാലിക്കണമെന്നും ആവശ്യപ്പെട്ടു. ഒത്ത് തീർപ്പ് ചർച്ചകൾക്കായി കുടുംബാംഗങ്ങളെ ബാങ്ക് ചെയർമാൻ്റെ ചേംബറിലേക്ക് വിളിപ്പിച്ചുവെങ്കിലും ഇവർ തയ്യാറായില്ല. രാവിലെ മുതൽ സമരരംഗത്ത് ഇരിക്കുന്ന തങ്ങളെ വന്ന് കാണാൻ ചെയർമാൻ തയ്യാറായില്ലെന്നും ഇനി ചെയർമാൻ തങ്ങളുടെ അടുത്തേക്ക് വരണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് ബ്രാഞ്ച് മാനേജരുടെ മുറിയിൽ എത്തിയ ബാങ്ക് ചെയർമാൻ എം പി ജാക്സൻ കുടുംബാംഗങ്ങളുമായി സംസാരിച്ചുവെങ്കിലും ചർച്ച വിജയിച്ചില്ല. എഴരയോടെ സി ഐ എം എസ് ഷാജൻ്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് പോലീസിൻ്റെയും ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ കൂടുതൽ ചർച്ചകൾ അരങ്ങേറി. അടുത്ത ദിവസം ബ്രാഞ്ച് മാനേജരുടെ നേത്യത്വത്തിൽ ബാങ്കിൽ നിന്നുള്ള സംഘം ഇവരുടെ വീട്ടിൽ എത്തുമെന്നും ആർബിഐ യിൽ നിന്നും പണം ലഭിക്കുന്നത് വരെ ചികിൽസക്കും മറ്റ് ജീവിത ചിലവുകൾക്കുള്ള പണം കൈമാറാമെന്നും ചിലവുകൾ എറ്റെടുക്കാമെന്നുമുള്ള ഉറപ്പിൽ സമരം എട്ട് മണിയോടെ പിൻവലിച്ചു. സിപിഐ കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ, മണ്ഡലം പ്രസിഡൻ്റ് ആർച്ച അനീഷ് , നഗരസഭ കൗൺസിലർ ടി കെ ഷാജുട്ടൻ, ജില്ലാ സെക്രട്ടറിമാരായ വിപിൻ പാറേമക്കാട്ടിൽ, റിമ പ്രകാശൻ , എരിയ പ്രസിഡണ്ട് സൂരജ് കടുങ്ങാടൻ എന്നിവർ സമര പരിപാടികൾക്കും ചർച്ചകൾക്കും നേതൃത്വം നൽകി.