വിടവാങ്ങിയത് മുരിയാട് കർഷകസമരത്തിന് ഊര്‍ജ്ജം പകര്‍ന്ന വിപ്ലവ സൂര്യന്‍; ഇരിങ്ങാലക്കുടയിൽ ഒടുവിൽ എത്തിയത് പാർട്ടിയുടെ ജില്ലാ സമ്മേളനത്തിന്
ഇരിങ്ങാലക്കുട: മുരിയാട് കര്‍ഷക സമരത്തിന് ഊർജ്ജം പകര്‍ന്നത് കൃത്യമായ നിലപാടുകളിൽ ഉറച്ച് നിന്ന വി.എസ്. അച്യുതാനന്ദന്‍. 2007 ജൂണ്‍ നാലിന് വൈകീട്ടാണ് മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍ മുരിയാട് സമര പന്തല്‍ സന്ദര്‍ശിച്ചത്. കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുവാനും ഭൂപരിഷ്‌കരണ നിയമത്തെ അട്ടിമറിക്കുവാനും നിഗൂഢശക്തികളുടെ പിന്തുണയോടെ നടക്കുന്ന സമരമാണെന്നായിരുന്നു ഇടതു നേതാക്കളുടെ വാദം. രാവിലെ തന്നെ കർഷക നേതാക്കൾ തൃശ്ശൂർ രാമനിലയത്തില്‍ എത്തി മുഖ്യമന്ത്രി വിഎസിനെ കണ്ട് കര്‍ഷക സമരത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി. ഉച്ചകഴിഞ്ഞ് മടക്കയാത്രയിലാണ് മാപ്രാണത്തെ കോന്തിപുലത്തുള്ള മുരിയാട് കര്‍ഷക മുന്നേറ്റത്തിന്റെ സമരപന്തലിൽ വി എസ് എത്തിയത്. റോഡില്‍ കാര്‍ നിര്‍ത്തി കനാല്‍ ബണ്ടിലൂടെ ഏറെ ദൂരം നടന്നാണ് വിഎസ് സമരപന്തലിലെത്തിയത്. ആവേശപൂര്‍വമാണ് വിഎസിനെ കര്‍ഷകര്‍ എതിരേറ്റത്.
സമര പന്തലിൽ ഒരൊറ്റ കസേര മാത്രം. അത് വിഎസിനു വേണ്ടി. കസേരയിലിരുന്ന വിഎസ് കര്‍ഷകരുടെ പ്രശ്നങ്ങൾ കേട്ടു. നെല്‍വയല്‍ സംരക്ഷണ നിയമവും മുരിയാടിനു വേണ്ടിയുള്ള പ്രത്യേക പാക്കേജുമെല്ലാം ഈ സന്ദർശനത്തിൻ്റെ ഫലമാണെന്ന് കർഷക മുന്നേറ്റം നേതാക്കൾ പറയുന്നു.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ കെ ആർ വിജയയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം വി എസ് എത്തിയതും നേരത്തെയുള്ള അറിയിപ്പുകൾ ഒന്നും കൂടാതെ . വൈകീട്ട് അഞ്ച് മണിയോടെയാണ് വി എസ് എത്തുമെന്ന അറിയിപ്പ് ലഭിക്കുന്നത്. പ്രാദേശിക ചാനലുകളിൽ അറിയിപ്പുകൾ വന്നു. ആൽത്തറയ്ക്ക് അടുത്തുള്ള ഒഴിഞ്ഞ ഇടമായിരുന്നു പ്രചരണവേദി. ജനം ഒഴുകുകയായിരുന്നു പ്രചരണകേന്ദ്രത്തിലേക്ക്. എറെ വൈകിയാണ് വി എസ് എത്തിയത്. പ്രചരണത്തിൻ്റെ സമയം കഴിഞ്ഞു. ” മൈക്ക് ഉപയോഗിക്കുന്നില്ല, എൽഡിഎഫ് സ്ഥാനാർഥിയെയും ഇടതുപക്ഷത്തെയും വിജയിപ്പിക്കണമെന്ന് ” അഭ്യർഥന അടക്കം എതാനും വാചകങ്ങൾ. ജനം ആർത്തിരമ്പി .
2015 ജനുവരിയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിനാണ് ഇരിങ്ങാലക്കുടയിൽ വി എസ് ഒടുവിൽ എത്തിയത്. ടൗൺ ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്പ്പോൾ അയ്യങ്കാവ് മൈതാനത്ത് നടന്ന പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചത് വി എസ് . പ്രതിനിധി സമ്മേളനത്തിലും വി എസ് പങ്കെടുത്തിരുന്നു.