ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനത്തിനായി നഗരസഭ ഭരണകൂടം തയ്യാറാക്കിയ നിയമാവലി നഗരസഭ തന്നെ ലംഘിച്ചതായി വിമർശനം

ഇരിങ്ങാലക്കുട നഗരസഭയുടെ ഞാറ്റുവേല മഹോൽസവം; മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലി നഗരസഭ ഭരണകൂടം തന്നെ ലംഘിച്ചതായി വിമർശനം; പരാതി ജില്ലാ ഭരണകൂടത്തിനും ശുചിത്വമിഷനും

ഇരിങ്ങാലക്കുട : ” കാർഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം ” എന്ന ആശയം മുൻനിറുത്തി ഇരിങ്ങാലക്കുട നഗരസഭ ഭരണകൂടം പത്ത് ദിവസങ്ങളിലായി അയ്യങ്കാവ് മൈതാനത്ത് നടത്തിയ ഞാറ്റുവേല മഹോൽസവത്തിലൂടെ ലംഘിച്ചത് നഗരസഭ പരിധിയിലെ പ്രധാന മൈതാനങ്ങളുടെ പരിപാലനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിയമാവലിയിലെ വ്യവസ്ഥകൾ എന്ന് വിമർശനം. 2022 ൽ അയ്യങ്കാവ് മൈതാനത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെൻ്റുമായി ബന്ധപ്പെട്ട ഉയർന്ന വിവാദങ്ങളെ തുടർന്നാണ് നഗരസഭ അഥവാ അയ്യങ്കാവ് മൈതാനം, പൊറത്തിശ്ശേരി മേഖലയിലെ കണ്ടാരം തറ മൈതാനം, തളിയക്കോണം സ്റ്റേഡിയം എന്നിവയുടെ വാടകയും പരിപാലനവുമായി ബന്ധപ്പെട്ട നിയമാവലിക്ക് രൂപം നൽകിയത്. മൈതാനത്തിൽ യാതൊരു കാരണവശാലും മോട്ടോർ വാഹനങ്ങൾ ഇറക്കാൻ പാടില്ലെന്നും മൈതാനം വൃത്തിയായും സുരക്ഷിതമായും പരിപാലിക്കണമെന്നും മൈതാനത്തും പരിസരത്തും മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ലെന്നും നിയമാവലിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ബോർഡും മൈതാനത്ത് നഗരസഭയുടെ പേരിൽ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഞാറ്റുവേല മഹോൽസവത്തിൻ്റെ പേരിൽ നഗരസഭ ഭരണകൂടം തന്നെ നിയമലംഘനങ്ങൾ നടത്തിയെന്നാണ് ഭരണസമിതിയിലെ പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മൈതാനത്ത് കുഴികൾ നിർമ്മിച്ച് ടോയ്ലറ്റ് മാലിന്യങ്ങളും ഫുഡ് ഫെസ്റ്റിന് വേണ്ടിയുള്ള അടുക്കളയിൽ നിന്നുള്ള മലിനജലവും ഒഴുക്കിയതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യോഗത്തിൽ വിഷയം ഉന്നയിച്ച സിപിഐ അംഗം ഇത് സംബന്ധിച്ച പരാതി ജില്ലാ ഭരണകൂടത്തിനും ശുചിത്വമിഷനും നൽകി കഴിഞ്ഞു. നഗരസഭ മൈതാനത്ത് 2017 ഒക്ടോബറിൽ നടത്തിയ സംഗമഗ്രാമോൽസവം സാംസ്കാരിക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മൈതാനത്ത് വാഹനങ്ങൾ ഇറക്കിയതിൻ്റെ പേരിൽ സംഘാടകരിൽ നിന്നും 1,30,000 രൂപ നഗരസഭ പിഴയായി ഈടാക്കിയിരുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പരിപാടിയുടെ സംഘാടകർ പണം തിരിച്ച് ആവശ്യപ്പെട്ട് നഗരസഭയെ സമീപിക്കാനും നിയമനടപടികൾ സ്വീകരിക്കാനും ഒരുങ്ങുന്നതായും വ്യക്തമായിട്ടുണ്ട്.

Please follow and like us: