കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം മേൽശാന്തി ആയിരുന്ന സത്യനാരായണനെ ” പൂണുലിട്ട പുലയൻ ” എന്ന് അധിക്ഷേപിച്ചതായുള്ള ശബ്ദ സന്ദേശം പുറത്ത്; ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ലെന്ന് മേൽശാന്തി സത്യനാരായണൻ ; നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും കെപിഎംഎസും; പരാമർശം നടത്തിയ സ്ത്രീക്ക് എൻഎസ്എസുമായി യാതൊരു ബന്ധമില്ലെന്നും സംഭവത്തിന് എൻഎസ്എസ് ഉത്തരവാദിയല്ലെന്നും വിശദീകരിച്ച് എൻഎസ്എസ് കാരുകുളങ്ങര ക്ഷേത്രകമ്മിറ്റി
ഇരിങ്ങാലക്കുട : ജാതിയും മതവും ഉള്ളിൽ കൊണ്ട് നടക്കേണ്ട കാലഘട്ടമല്ല ഇതെന്നും ക്ഷേത്രം വിശ്വാസികളുടെതാണെന്നും പുലയ വിഭാഗത്തിൽ പെട്ടവരും മനുഷ്യരാണെന്നും ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൽ ” പൂണുലിട്ട പുലയൻ ” എന്ന അധിക്ഷേപം കേൾക്കേണ്ടി വന്ന മേൽശാന്തി വി വി സത്യനാരായണൻ. ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ചാഴൂർ കോവിലകവും എൻഎസ്എസും തമ്മിൽ ഉടലെടുത്ത തർക്കങ്ങൾക്കിടയിൽ ഈ വർഷം ജൂൺ 1 ന് ക്ഷേത്രം എൻഎസ്എസ് പിടിച്ചെടുക്കുകയും സെക്രട്ടറി ആയിരുന്ന ജലജ എന്ന സ്ത്രീയെ മർദ്ദിക്കുകയും ക്ഷേത്രം മേൽശാന്തിയായി അഞ്ച് വർഷത്തോളം പ്രവർത്തിച്ച തന്നെ പുറത്താക്കുകയുമായിരുന്നുവെന്ന് കൊടകര മൂന്നുമുറിയിൽ വേണുഗോപാലിൻ്റെ മകനും കഴിഞ്ഞ 25 വർഷത്തോളമായി മേൽശാന്തിയായി വിവിധ ക്ഷേത്രങ്ങളിൽ പ്രവർത്തിക്കുന്ന എബ്രാന്തിരി വിഭാഗത്തിൽപ്പെടുന്ന സത്യനാരായണൻ പറഞ്ഞു. ക്ഷേത്രത്തിൻ്റെ നടത്തിപ്പ് ചാഴൂർ കോവിലകം എൻഎസ്എസിന് കൈമാറിയതാണ്. എന്നാൽ ക്ഷേത്ര നടത്തിപ്പിനെക്കുറിച്ച് നിരവധി പരാതികൾ ചാഴൂർ കോവിലകത്തിന് ലഭിച്ചതായിട്ടാണ് മനസ്സിലാക്കുന്നത്. 2025 മാർച്ചിലെ ഉൽസവക്കാലത്താണ് കമ്മിറ്റി അംഗമായ സ്ത്രീ തന്നെ പൂണുലിട്ട പുലയൻ എന്ന് അധിക്ഷേപിച്ച് കൊണ്ട് അന്നത്തെ ഭാരവാഹിക്ക് ശബ്ദസന്ദേശം അയച്ചത്. അതാണ് ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.തൻ്റെ പിതാവ് രോഗബാധിതനായി കിടന്നപ്പോൾ രക്തം നൽകാൻ എത്തിയവരുടെ ജാതിയും മതമൊന്നും ആരും അന്വേഷിച്ചിട്ടില്ല. തൻ്റെ സഹോദരി വ്യത്യസ്ത ജാതിയിൽ നിന്നാണ് വിവാഹം കഴിച്ചിട്ടുള്ളത്. നിറത്തിൻ്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപത്തിന് എതിരെ നിയമ നടപടികളുടെ സാധ്യതകൾ തേടുമെന്നും സത്യനാരായണൻ പറഞ്ഞു.
അതേ സമയം മേൽശാന്തിയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതിഷേധം ഉയർന്നു. കുട്ടംകുളം സമരത്തിൻ്റെ നാട്ടിൽ കാരുകുളങ്ങര ക്ഷേത്ര കുടുംബാംഗങ്ങൾ നടത്തിയ അധിക്ഷേപം അപരിഷ്കൃതവും നീചവുമാണെന്ന് ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ശരത് ചന്ദ്രൻ, സെക്രട്ടറി അഖിൽ ലക്ഷ്മണൻ എന്നിവർ പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശിച്ചു. ജാതി അധിക്ഷേപം നടത്തിയ ക്ഷേത്ര കമ്മിറ്റി അംഗം ബീന കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്നും സംഭവത്തിൽ എൻഎസ്എസ് നിലപാട് വ്യക്തമാക്കണമെന്നും കെപിഎംഎസ് ഇരിങ്ങാലക്കുട യൂണിയൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി സി രഘു യോഗം ഉദ്ഘാടനം ചെയ്തു.
അതേ സമയം ആരോപണ വിധേയയായ ബീന കൃഷ്ണകുമാർ എൻഎസ്എസിൻ്റെ ഒരു അംഗം പോലുമല്ലെന്നും മൂന്ന് വർഷമായി എടമുട്ടത്താണ് താമസിക്കുന്നതെന്നും സംഭവം നടന്ന 2025 മാർച്ചിന് ശേഷവും ശാന്തിക്കാരനായ പ്രവർത്തിച്ചിരുന്ന സത്യനാരായണൻ ഒരു പരാതി പോലും എൻഎസ്എസിന് നൽകിയിട്ടില്ലെന്നും വിഷയത്തിൽ എൻഎസ്എസിന് ഒരു ഉത്തരവാദിത്വവുമില്ലെന്നും എൻഎസ്എസ് കാരുകുളങ്ങര കരയോഗം കമ്മിറ്റി പ്രസിഡണ്ട് പി രാധാകൃഷ്ണൻ, സെക്രട്ടറി സുജ സഞ്ജീവ്കുമാർ എന്നിവർ വിശദീകരിച്ചു.