തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം ; ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണ അജണ്ട വീണ്ടും മാറ്റി വച്ചു.

തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ വാഗ്വാദം ; പൂതംകുളം – ബ്രദർ മിഷൻ കണക്ടിംഗ് റോഡ് നിർമ്മാണ അജണ്ട വീണ്ടും മാറ്റി വച്ചു.

ഇരിങ്ങാലക്കുട : പട്ടണത്തിലെ തകർന്ന് കിടക്കുന്ന റോഡുകളെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഒരു മണിക്കൂർ നീണ്ട വാഗ്വാദം. റോഡുകളുടെ ദുരവസ്ഥയ്ക്ക് ഉത്തരവാദിത്വം പ്രതിപക്ഷത്തിനാണെന്ന് കഴിഞ്ഞ ദിവസം ചെയർപേഴ്സൺ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്ന പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യത്തോടെയാണ് യോഗം ആരംഭിച്ചത്. സണ്ണി സിൽക്സ് റോഡ് ഉൾപ്പെടെ പ്രധാന റോഡുകൾ വർഷങ്ങളായി തകർന്ന് കിടക്കുന്നവയാണെന്നും തനത് ഫണ്ട് ചിലവഴിക്കുമ്പോൾ പൊതുസ്വഭാവം ഉണ്ടാകണമെന്നാണ് തങ്ങൾ മുമ്പ് പറഞ്ഞതെന്നും എൽഡിഎഫ് അംഗം സി സി ഷിബിനും ചെയർപേഴ്സൻ്റെ പ്രസ്താവന മോശമായെന്നും ഇപ്പോൾ അറ്റകുറ്റപ്പണികൾക്കായി 1.5 ലക്ഷം രൂപ ചിലവഴിക്കുന്നത് തങ്ങൾ അറിഞ്ഞിട്ടില്ലെന്നും ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു. തനത് ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെയാണ് തങ്ങൾ എതിർത്തതെന്നും തനത് ഫണ്ട് ആയാലും പദ്ധതി ഫണ്ട് ആയാലും തുല്യമായി നൽകേണ്ടതുണ്ടെന്നും ബിജെപി അംഗം ടി കെ ഷാജുവും പറഞ്ഞു . പ്രധാന്യമുള്ളതും എട്ട് മീറ്ററോളം വീതിയുള്ളതുമായ പട്ടണത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി വലിയ തുക തന്നെ ചിലവഴിക്കേണ്ടി വരുമെന്നും അത് കൊണ്ടാണ് തനത് ഫണ്ട് നീക്കി വച്ചതെന്ന് വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടനും സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ തനത് ഫണ്ട് ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അംഗീകരിച്ചവരാണ് പിന്നീട് കൗൺസിലിൽ വന്നപ്പോൾ എതിർത്തതെന്ന് മുൻ വൈസ് ചെയർമാൻ ടി വി ചാർലിയും പറഞ്ഞു.

ബൈപ്പാസ് റോഡ് -പൂതംക്കുളം ജംഗ്ഷനിൽ നിന്നും ബ്രദർ മിഷൻ റോഡിലേക്കുള്ള കണക്ടിംഗ് റോഡ് നിർമ്മിക്കാനും ഇതിനായി സ്ഥലം ഏറ്റെടുക്കാൻ രണ്ട് കോടി രൂപ ചിലവഴിക്കാനുമുള്ള തീരുമാനം പ്രതിപക്ഷ വിയോജിപ്പുകളെ തുടർന്ന് തത്കാലത്തേക്ക് മാറ്റി വച്ചു. റോഡ് വികസനത്തിന് എതിരല്ലെങ്കിലും പൊന്നും വിലയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നത് വൻ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്നും അഞ്ച് കോടി രൂപ പോലും മതിയാകില്ലെന്നും വൻ തുക നൽകിയാൽ പോലും വീണ്ടും സ്ഥല ഉടമകൾ അപ്പീലിന് പോകാൻ സാധ്യതയുണ്ടെന്നും വിഷയത്തിൽ കൃത്യമായ പഠനം പോലും നടന്നിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.

യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Please follow and like us: