കുട്ടംകുളം മതിൽ ഇടിഞ്ഞിട്ട് നാല് വർഷം; നിർമ്മാണ പ്രവൃത്തി ഏറ്റെടുക്കാനുള്ള ടെണ്ടറിൽ പങ്കെടുത്ത് ഊരാളുങ്കൽ ലേബർ സഹകരണ സംഘം
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ചരിത്രസ്മാരകമായ കുട്ടംകുളം ഭിത്തി സംരക്ഷണ നിർമ്മാണ പ്രവൃത്തിക്കുള്ള ടെണ്ടറിൽ പങ്കെടുത്ത് സംസ്ഥാനത്ത് ശ്രദ്ധേയമായ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം. ആദ്യ ടെണ്ടറിൽ ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തിലാണ് രണ്ടാമതും ഇ ടെണ്ടർ വിളിച്ചത്. 2021 മെയ് 16 നാണ് കനത്ത മഴയിൽ കുട്ടംകുളത്തിൻ്റെ തെക്കേ മതിൽ ഇടിഞ്ഞത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് കുട്ടംകുളം സംരക്ഷണ ഭിത്തി നിർമ്മാണത്തിൻ്റെ നിർവഹണചുമതല . റവന്യൂ ദേവസ്വം വകുപ്പിൽ നിന്നും കെട്ടിട വിഭാഗത്തിന് 4 കോടി രൂപ കൈമാറിക്കഴിഞ്ഞു. തൃശൂർ എഞ്ചിനീയറിംഗ് കോളേജിൻ്റെ നേതൃത്വത്തിൽ ഈ വർഷം മണ്ണ് പരിശോധനയും പൂർത്തീകരിച്ചിരുന്നു. അതേ സമയം 28 % അധിക നിരക്കാണ് ഊരാളുങ്കൽ സംഘം മുന്നോട്ട് വച്ചിട്ടുള്ളത്. സംഘവുമായി നെഗോഷ്യേറ്റ് ചെയ്തതിന് ശേഷം മാത്രമേ ടെണ്ടർ ഉറപ്പിക്കുകയുള്ളവെന്നും ഇതിനായുള്ള നടപടികൾ നടന്ന് വരികയാണെന്നും അധികൃതർ അറിയിച്ചു.