കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ചരിത്രമുള്ള ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം; വിമർശനങ്ങളെ തുടർന്ന് പാർക്ക് വൃത്തിയാക്കി നഗരസഭ അധികൃതർ
ഇരിങ്ങാലക്കുട : കായിക മത്സരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും സമൃദ്ധമായ ചരിത്രമുള്ള . ” മഹാത്മാ ” പാർക്കിന് ഒടുവിൽ മോചനം. ഒരാൾപ്പൊക്കത്തിൽ പുല്ലും കരിങ്കല്ലും മണ്ണുമായി മാസങ്ങളായി അവഗണിക്കപ്പെട്ട് കിടന്നിരുന്ന പട്ടണഹൃദയത്തിലുള്ള മഹാത്മാ പാർക്കിനോടുള്ള നഗരസഭ അധികൃതരുടെ അവഗണന ഫസ്റ്റ് എഡീഷ്യൻ ന്യൂസ് റിപ്പോർട്ട് ചെയ്യുകയും അടുത്ത ദിവസം നടന്ന നഗരസഭ യോഗത്തിൽ മുൻചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ തന്നെ വിമർശനവുമായി രംഗത്ത് വരികയും ചെയ്തതോടെ പാർക്ക് വൃത്തിയാക്കുവാൻ നഗരസഭ അധികൃതർ തീരുമാനമെടുക്കുകയായിരുന്നു. മറ്റ് വാർഡുകളിൽ നിന്നുള്ള മണ്ണ് നിക്ഷേപിക്കാനുള്ള കേന്ദ്രമായി കൂടൽമാണിക്യ ക്ഷേത്രത്തിന് അടുത്തുള്ള പാർക്ക് മാറിയതിൽ യോഗത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും പാർക്കിൽ കുമിഞ്ഞ് തുടങ്ങിയിരുന്നു. വിഷയത്തിൽ പാർക്ക് ക്ലബ് നേരത്തെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ ജെസിബി ഉപയോഗിച്ചാണ് മഹാത്മ പാർക്ക് ശുചീകരിച്ചത്. ഉൽസവക്കാലത്ത് പാർക്കിംഗിനായി കഴിഞ്ഞ കാലങ്ങളിൽ പാർക്ക് ഉപയോഗപ്പെടുത്തിയിരുന്നു. ആനകളെ കൊണ്ട് വരുന്ന ലോറികളുടെ പാർക്കിംഗിനും മൈതാനം ഉപയോഗപ്പെടുത്തിയിരുന്നു. അതേ സമയം പാർക്കിൻ്റെ സമഗ്ര വികസനം മുന്നിൽ കണ്ട് കൊണ്ടുള്ള അമൃത് പദ്ധതിക്ക് ജില്ലാ പഞ്ചായത്തിൽ നിന്നും ഭരണാനുമതി കിട്ടിയിട്ടുണ്ടെന്നും സാങ്കേതിക അനുമതിക്കായി നടപടി ഉടൻ സ്വീകരിക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്.