ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ ;പിടിയിലായത് തിരുട്ടുഗ്രാമമോഷ്ടാവ് കുമ്മൻ അഥവാ കൊമ്പൻ കുമാർ …

ചാലക്കുടി: പട്ടാപകൽ വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനെൽവേലി പനവടലിഛത്രം സ്വദേശി മാടസാമിയുടെ മകൻ കുമാറിനെ (40 വയസ്) ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് , സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി നൂറിലേറെ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കുമ്മൻ , കൊമ്പൻ എന്നീ അപരനാമങ്ങളിലും അറിയപ്പെടുന്ന മോഷ്ടാവാണ്. ഇയാൾക്കെതിരെ നിരവധി സ്ഥലങ്ങളിൽ അറസ്റ്റ് വാറണ്ടുകൾ നിലവിലുണ്ട്.
രണ്ടായിരാമാണ്ട് ജനുവരി പന്ത്രണ്ടാം തീയതി ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വേണുഗോപാലിന്റെ വീടിന്റെ പിൻവാതിൽ കള്ളൻമാർ കുത്തിപ്പൊളിച്ച് അകത്തു കയറി ഇരുപതിനായിരം രൂപയും നാലു പവനോളം സ്വർണ്ണാഭരണങ്ങളും മോഷണം നടത്തിയിരുന്നു. ഇതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് തിരുട്ടുഗ്രാമമെന്ന് കുപ്രസിദ്ധിയാർജിച്ച പനവടലിഛത്രം സ്വദേശി കുമാറാണ് മോഷ്ടാവെന്ന് കണ്ടെത്തിയത്. നിരവധി മോഷണ കേസുകൾ ഉള്ളതിനാൽ ഇയാൾ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇതിനെ തുടർന്ന് ചാലക്കുടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കേരളത്തിലും തമിഴ് നാട്ടിലുമായി നൂറിലേറെ മോഷണ കേസുകളിൽ പ്രതിയായ ഇയാൾ ആക്രി ശേഖരണത്തിന്റെ മറവിലാണ് മോഷണങ്ങൾ നടത്തിയിരുന്നത്. അടുത്തയിടെ കോട്ടയത്തും ചങ്ങനാശേരിയിലും തൃക്കൊടിത്താനത്തും നടന്ന മോഷണങ്ങളുടെ പിറകിലും കുമാറാണെന്ന് കണ്ടെത്തിയതാണ് ഇയാളുടെ അറസ്റ്റിലേക്ക് വഴി തുറന്നത്.
ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ്, എസ് ഐ ഷബീബ് റഹ്മാൻ, എഎസ്ഐ സതീശൻ എം.എൻ , സീനിയർ സിപിഒമാരായ ജിബി ടി.സി, സലീഷ് കെ.ബി, സതീഷ് ടി.ജെ, സിവിൽ പോലിസ് ഓഫീസർമാരായ ചഞ്ചൽ, അനീഷ് സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ ബിജു ഒ.എച്ച് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. തമിഴ്നാട് പാളയംകോട്ടയിൽ നടന്ന മോഷണത്തിൽ കുമാറിനെ അറസ്റ്റ് ചെയ്തിരുന്നതിനാൽ ഇയാളെ പാളയം കോട്ടൈ അതി സുരക്ഷാ ജയിലിലേയ്ക്ക് റിമാന്റ് ചെയ്തു.















