ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ഹൃദ്യമായി ഡോ എൻ ജെ നന്ദിനിയുടെ സംഗീതക്കച്ചേരി …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുൽസവത്തോടനുബന്ധിച്ച് പ്രധാന വേദിയിൽ ഡോക്ടർ എൻ ജെ നന്ദിനിയുടെ നേത്യത്വത്തിൽ അവതരിപ്പിച്ച സംഗീതക്കച്ചേരി ഹൃദ്യമായി.
ജഗൻ മോഹിനി രാഗത്തിലുള്ള ഖണ്ഡ ജാതി ത്രിപുട താളത്തിലുളള മല്ലാരിയോടു കൂടിയാണ് രണ്ടര മണിക്കൂർ നീണ്ട കച്ചേരി ആരംഭിച്ചത്. തുടർന്ന് ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി യശ്ശശരീരനായ പാലാഴി നാരായണൻകുട്ടി മേനോൻ എഴുതി ഗാനമൂർത്തി എന്ന രാഗത്തിൽ ചിട്ടച്ചെയ്ത ശ്രീ ഗണേശ എന്ന കൃതി അവതരിപ്പിച്ചു.വരാളി രാഗത്തിലുള്ള നീ പൊഗട എന്ന കീർത്തനവും കർണ്ണരഞ്ജിനിയിലുള്ള വാഞ്ച തോനുന എന്ന കീർത്തനവും കച്ചേരിയിൽ ഉൾപ്പെടുത്തിയിരുന്നു.
“ശങ്കരാഭരണമേ അഴയ് തോഡി വാടി കല്യാണി ദർബാറ്ക്ക് “ചതുർ രാഗത്തിലുള്ള രാഗം താനും പല്ലവിയാണ് പ്രധാന ഇനമായി കച്ചേരിയിൽ അവതരിപ്പിച്ചത്. കർണാടക സംഗീത ഗായികയായ ഡോ നന്ദിനി സർക്കാരിന്റെ ചെമ്പൈ പുരസ്കാരം , ഇസായി ചുഡാർ പട്ടം, എം എസ് സുബ്ബലക്ഷ്മി ഫെലോഷിപ്പ് എന്നിവ അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമടക്കം 900 ത്തോളം കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ആകാശവാണിയിൽ നിന്ന് എ ഗ്രേഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംഗീതജ്ഞ കൂടിയാണ്.
നാഗസ്വരം ഇളം ചക്രവർത്തി നെന്മാറ ഡോ എൻ ആർ കണ്ണൻ, മൃദംഗം – ബോംബെ കെ ബി ഗണേഷ്, ഇടയ്ക്ക – പി നന്ദകുമാർ , തവിൽ- തിടനാട് അനു ജി വേണുഗോപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.















