വർണ്ണക്കുട സാംസ്കാരികോൽസവത്തിന് ഇരിങ്ങാലക്കുടയിൽ നിറമാർന്ന തുടക്കം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ “വർണ്ണക്കുട”ക്ക് തുടക്കമായി.അയ്യങ്കാവ് മൈതാനിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ആനന്ദ് വർണ്ണക്കുടയുടെ ഉദ്ഘാടനം നിർവഹിച്ചു. സംഘാടക സമിതി ചെയർപേഴ്സനും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു.പദ്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പൽ ചെയർമാൻ എം.പി.ജാക്സൻ, രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കബീർ മൗലവി, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ.സി.കെ ഗോപി, പ്രൊഫ.സാവിത്രി ലക്ഷ്മണൻ, അശോകൻ ചരുവിൽ,കെ.ശ്രീകുമാർ,വേണുജി,കലാനിലയം രാഘവനാശാൻ, സദനം കൃഷ്ണൻ കുട്ടിയാശാൻ,ബാലൻ അമ്പാട്ട്, കപില വേണു,പി.കെ.ഭരതൻ മാഷ്,രേണു രാമനാഥൻ, കപില എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ ജോസ് ചിറ്റിലപ്പിള്ളി സ്വാഗതവും കൺവീനർ അഡ്വ.പി.മണികണ്ഠൻ നന്ദിയും പറഞ്ഞു.
തുടർന്ന് കൊരുമ്പ് മൃദംഗം കളരിയുടെ മൃദംഗ മേള, മാനവമൈത്രി ഗീതം, വർണ്ണക്കുട തീം സോങ്ങിന്റെ നൃത്താവിഷ്കാരം,കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്തശില്പം ‘എൻ്റെ കേരളം’ , ഗായിക ‘ഇന്ദുലേഖ വാര്യർ ലൈവ്’ മ്യൂസിക് ബാൻ്റ് ഷോ എന്നിവ അരങ്ങേറി
- ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി സംഘടിപ്പിക്കുന്ന സാംസ്കാരിക ഉത്സവമായ വർണ്ണക്കുട ഈ വർഷം ഡിസംബർ 26 മുതൽ 30 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലാണ് അരങ്ങേറുന്നത്. വർണ്ണക്കുടയുടെ രണ്ടാം ദിനമായ ശനിയാഴ്ച വൈകീട്ട് 5 മണി മുതൽ വിവിധ പരിപാടികളോടെ ആരംഭിക്കും. മൈന & പാർട്ടി എടക്കുളം അവതരിപ്പിക്കുന്ന തിരുവാതിരക്കളി, സ്കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഗ്രൂപ്പ് സോംങ്ങ്,ഗ്രൂപ്പ് ഡാൻസ്, റഗസ യുടെ ഫോക് മ്യൂസിക്ക് ബാൻ്റ്, തുടർന്ന് ചലച്ചിത്ര താരം ആശാശരത്തും സംഘവും അവതരിപ്പിക്കുന്ന ആശനടനം എന്നിവ അരങ്ങേറും.















