ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷൻ തിരഞ്ഞെടുപ്പ്; പ്രചരണ രംഗത്ത് സജീവമായി മുന്നണി സ്ഥാനാർഥികൾ
തൃശ്ശൂർ : ജില്ലാ പഞ്ചായത്ത് കാട്ടൂർ ഡിവിഷനിലേക്കുള്ള തിരഞ്ഞെടുപ്പ് രംഗം സജീവം . കാറളം, കാട്ടൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും പടിയൂർ പഞ്ചായത്തിലെ 13 വാർഡുകളും പെരിഞ്ഞനം പഞ്ചായത്തിലെ എഴ് വാർഡുകളും മതിലകം പഞ്ചായത്തിലെ ഒരു വാർഡും ഉൾപ്പെടുന്നതാണ് കാട്ടൂർ ഡിവിഷൻ. 64000 പേരാണ് കാട്ടൂർ ഡിവിഷനിലെ ജനസംഖ്യ. ജില്ലാ പഞ്ചായത്ത് നിലവിൽ വന്ന ഘട്ടം മുതൽ എൽ ഡിഎഫ് മേധാവിത്വം പുലർത്തി വരുന്ന ഡിവിഷനാണിത്.
എൽഡിഎഫിൽ സിപിഐ ആണ് കാട്ടൂർ ഡിവിഷനിൽ നിന്നും മൽസരിക്കാറുള്ളത് . കഴിഞ്ഞ തവണ 12000 വോട്ടിനാണ് എൽഡിഎഫിലെ ഷീല അജയഘോഷ് ഇവിടെ നിന്നും വിജയിച്ചത്. കാറളം പഞ്ചായത്ത് പ്രസിഡൻ്റ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറി കൂടിയായ ടി കെ സുധീഷിനെയാണ് ഡിവിഷൻ നിലനിറുത്താൻ എൽഡിഎഫ് നിയോഗിച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാരിൻ്റെ നേട്ടങ്ങളും ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയിട്ടുള്ള വികസന പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് എൽഡിഎഫ് സ്ഥാനാർഥി വോട്ടർമാരെ സമീപിക്കുന്നത്.
യുഡിഎഫിൽ ഘടകകക്ഷിയായ ഫോർവേർഡ് ബ്ലോക്കിനാണ് ഇത്തവണയും മൽസരിക്കാനായി കാട്ടൂർ ഡിവിഷൻ നല്കിയിട്ടുള്ളത്. ഫോർവേർഡ് ബ്ലോക്കിൻ്റെ യുവജന പ്രസ്ഥാനമായ ആൾ ഇന്ത്യാ യൂത്ത് ലീഗിൻ്റെ സംസ്ഥാന പ്രസിഡൻ്റ് കൂടിയായ വിനീഷ് സുകുമാരനെയാണ് ഡിവിഷൻ പിടിച്ചെടുക്കാൻ യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. പ്രാദേശിക വിഷയങ്ങളോടൊപ്പം നിർമ്മിത ബുദ്ധിയുടെ കാലഘട്ടത്തിൽ യുവജനങ്ങൾ കൂടുതലായി രാഷ്ട്രീയ രംഗത്ത് കടന്ന് വരണമെന്ന സന്ദേശവുമായിട്ടാണ് വിനിഷ് സുകുമാരൻ വോട്ടർമാരെ സമീപിക്കുന്നത്.
ബിജെപി മുൻ നിയോജക മണ്ഡലം പ്രസിഡണ്ടും നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയുമായ ക്യപേഷ് ചെമ്മണ്ടയെയാണ് ഡിവിഷൻ്റെ പ്രതിനിധിയാകാൻ എൻഡിഎ നിയോഗിച്ചിട്ടുള്ളത്. കാർഷിക മേഖലയായ കാട്ടൂർ ഡിവിഷനിൽ കർഷകർക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാറളത്തെ ഫ്ലാറ്റ് വിഷയവും കാട്ടൂർ പഞ്ചായത്തിലെ മാലിന്യ പ്രശ്നവുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ക്യപേഷ് ചെമ്മണ്ട പ്രചരണം നടത്തുന്നത്.
വ്യക്തികളെയും സ്ഥാപനങ്ങളും സന്ദർശിക്കലും വാർഡ്, പഞ്ചായത്ത് തല കൺവെൻഷനുകളുമായി മുന്നണി സ്ഥാനാർഥികൾ കളം നിറഞ്ഞ് കഴിഞ്ഞു. ഡിവിഷൻ നില നിറുത്തുമെന്ന ഉറച്ച വിശ്വാസം ഇടതുപക്ഷ കേന്ദ്രങ്ങൾ പങ്കിടുമ്പോൾ, മാറ്റത്തിൻ്റെ സാധ്യതകളാണ് യുഡിഎഫ്, എൻഡിഎ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്.















