അനാഥമായി കിടന്നിരുന്ന പട്ടണത്തിലെ പ്രധാന കളിയിടത്തിന് മോചനമാകുന്നു; നവീകരണ പ്രവർത്തനങ്ങൾ അമൃത് പദ്ധതിയിൽ നിന്നുള്ള 35 ലക്ഷം രൂപ ചിലവഴിച്ച്

അനാഥമായി കിടന്നിരുന്ന പട്ടണഹൃദയത്തിലെ പ്രധാന കളിയിടത്തിന് മോചനമാകുന്നു; ഇരിങ്ങാലക്കുട എംജി പാർക്കിൻ്റെ നവീകരണ പ്രവർത്തനങ്ങൾ അമൃത് പദ്ധതിയിൽ നിന്നുള്ള 35 ലക്ഷം ചിലവഴിച്ച്

 

ഇരിങ്ങാലക്കുട : ഒരാൾപ്പൊക്കത്തിൽ പുല്ലും മണ്ണും നിറഞ്ഞ് കാട് പിടിച്ച് കിടന്നിരുന്ന പട്ടണത്തിലെ പ്രധാന കളിയിടങ്ങളിൽ ഒന്നായ എംജി പാർക്കിന് ഒടുവിൽ മോചനമാകുന്നു. പട്ടണ ഹൃദയത്തിൽ വാർഡ് 35 ൽ സ്ഥിതി ചെയ്യുന്ന എം ജി പാർക്ക് അഖില കേരള ബാഡ്മിൻ്റൻ ടൂർണ്ണമെൻ്റുകളുടെയും ക്രിക്കറ്റ് സമ്മർ കോച്ചിംഗ് ക്യാമ്പുകളുടെയും ചരിത്രമുള്ള ഇടം കൂടിയായിരുന്നു. പരിസരത്തുള്ള കുട്ടികളുടെ കളിസ്ഥലവും വയോജനങ്ങൾക്ക് പ്രഭാത നടത്തത്തിനുള്ള കേന്ദ്രം കൂടിയായിരുന്നു എം ജി പാർക്ക്. ഉൽസവ ദിനങ്ങളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാനും പാർക്ക് ഉപയോഗിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി എംജി പാർക്ക് ടാർ മിക്സ് കേന്ദ്രവും മണ്ണ് നിക്ഷേപിക്കാനുള്ള ഇടം കൂടിയായി മാറി. അനാഥമായി കിടക്കുന്ന പാർക്കിനെ ചൊല്ലി എറെ വിമർശനങ്ങളും ഉയർന്നിരുന്നു.അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാതകളും ഡ്രെയിനേജും കളിയുപകരണങ്ങളും കോർട്ട് യാർഡും ശുചിമുറികളും നിർമ്മിച്ചുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്. രണ്ടര വർഷം മുമ്പ് ഫണ്ട് അനുവദിച്ചതാണെങ്കിലും കേന്ദ്ര പദ്ധതി നീട്ടി കൊണ്ട് പോകാൻ നഗരസഭ ശ്രമിച്ചുവെന്ന് ആരോപിച്ച് വാർഡ് കൗൺസിലറും ബിജെപി പ്രതിനിധിയുമായ സ്മിത കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ നിർമ്മാണ ഉദ്ഘാടനം പാർട്ടി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു. നേതാക്കളായ സന്തോഷ് ചെറാക്കുളം, കൃപേഷ് ചെമ്മണ്ട, ആർച്ച അനീഷ് , ഷൈജു കുറ്റിക്കാട്ട്, അഖിലാഷ് വിശ്വനാഥൻ , ലിഷോൺ ജോസ് കാട്ട്ള, ബാബുരാജ്, രമേശ് അയ്യർ, പാർക്ക് ക്ലബ് മുൻ പ്രസിഡണ്ട് വിശ്വനാഥമേനോൻ, ബിജെപി കൗൺസിലർമാരായ സന്തോഷ് ബോബൻ, അമ്പിളി ജയൻ, സരിത സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: