സ്നേഹക്കൂട് പദ്ധതി;വേളൂക്കരയിൽ പുതിയ ഭവനനിർമ്മാണത്തിന് തുടക്കമായി; വീട് നിർമ്മിച്ച് നൽകുന്നത് അവിട്ടത്തൂർ സ്വദേശിനിക്ക്
ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിലെ സ്നേഹക്കൂട് പദ്ധതിയുടെ ഭാഗമായി വേളൂക്കര ഗ്രാമപഞ്ചായത്തിൽ പുതുഭവനനിർമാണത്തിന് തുടക്കമായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റാണ് ഭവനനിർമാണം ഏറ്റെടുത്തിരിക്കുന്നത്. വീട്ടുജോലികൾ എടുത്ത് കഴിയുന്ന അവിട്ടത്തൂർ മേക്കാട്ടുപറമ്പിൽ പരേതനായ ഷിബു ഭാര്യ റാണിക്കാണ് (51 വയസ്സ്) വീട് നിർമ്മിച്ച് നൽകുന്നത്. 517 ചതുരശ്ര അടിയിൽ എട്ട് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് വീട് നിർമ്മിക്കുന്നത്.പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസവും സാമൂഹികനീതിയും വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്നേഹക്കൂട് പദ്ധതിയിൽ ഉൾപ്പെടുത്തി 13 വീടുകളാണ് നിർമ്മിക്കുന്നത് . ആറ് വീടുകൾ നിർമ്മിച്ച് നൽകി കഴിഞ്ഞു.
ഹോളി ഫാമിലി പാവനാത്മാ പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയറും സെന്റ് ജോസഫ്സ് കോളേജ് മാനേജരുമായ ഡോ. സിസ്റ്റർ. ട്രീസ ജോസഫ് മുഖ്യാതിഥിയായി. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ധനീഷ്, കോളേജ് പ്രിൻസിപ്പാൾ ഡോ. സി. ബ്ലെസ്സി, വാർഡ് മെമ്പർമാരായ ശ്യാം രാജ്, ലീന ഉണ്ണിക്കൃഷ്ണൻ, കൂടൽമാണിക്യം ആർക്കൈവ്സ് ഡയറക്ടർ ഡോ.രാജേന്ദ്രൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ വീണ സാനി, ഡോ.ഉർസുല എൻ, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി ധന്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.















