വിമർശനങ്ങൾക്കൊടുവിൽ മാർക്കറ്റ് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

വിമർശനങ്ങൾക്കൊടുവിൽ മാർക്കറ്റ് റോഡിൻ്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി; മാർക്കറ്റ് റോഡിൻ്റെയും ബ്രദർ മിഷൻ റോഡിൻ്റെയും നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത് 18 ലക്ഷം രൂപ

ഇരിങ്ങാലക്കുട : നഗരസഭ ഭരണകൂടത്തിന് നാണക്കേടായി മാറിയ മാർക്കറ്റ് റോഡിൻ്റെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ഒടുവിൽ തുടക്കമായി. പട്ടണത്തിലെ പ്രധാന വീഥികളിൽ ഒന്നായ മാർക്കറ്റ് റോഡ് തകർന്നും ഗർത്തങ്ങൾ നിറഞ്ഞുമുള്ള അവസ്ഥയിലായിട്ട് നാളുകൾ എറെയായി. മരണം അടക്കമുള്ള അപകടങ്ങൾക്കും റോഡ് കാരണമായി. യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും വ്യാപാരികളുടെയുമൊക്കെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും എറെ ആയുസ്സുണ്ടായില്ല. ആറ് മീറ്റർ വീതി ഉള്ള റോഡിൽ 60 മീറ്ററിൽ കോൺക്രീറ്റും ബാക്കി ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് പാച്ച് ടാറിംഗുമാണ് ഇപ്പോൾ ആസൂത്രണം ചെയ്തിട്ടുള്ളത്. കോൺക്രീറ്റ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മഴ മാറിയതിന് ശേഷമേ ചന്തക്കുന്ന് റോഡിലെ ടാറിംഗ് പ്രവൃത്തികൾ ആരംഭിക്കുകയുള്ളൂ. ഇതിനെ തുടർന്ന് സമാനമായ അവസ്ഥ പങ്കിടുന്ന ബ്രദർ മിഷൻ റോഡിലെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കും. 2025-26 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കുന്നത്. നിർമ്മാണ പ്രവർത്തനത്തോടനുബന്ധിച്ച് മാർക്കറ്റ് റോഡിൽ ഗതാഗത നിയന്ത്രണങ്ങളും എർപ്പെടുത്തിയിട്ടുണ്ട്.

Please follow and like us: