കൂടൽമാണിക്യക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തിസാന്ദ്രം; ഇന്ന് തൃപ്പുത്തരി

  • കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് ഭക്തിസാന്ദ്രം; ഇന്ന് തൃപ്പുത്തരി..

 

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവിന് ഭക്തിനിര്‍ഭരമായ സ്വീകരണം . തൃപ്പുത്തരിക്കുള്ള നിവേദ്യവസ്തുക്കള്‍ മുള തണ്ടികയില്‍കെട്ടി കാല്‍നടയായി വാദ്യമേള ആഘോഷങ്ങളോടെ കൂടല്‍മാണിക്യം കീഴേടമായ ചാലക്കുടി പോട്ട പ്രവര്‍ത്തി കച്ചേരിയില്‍ നിന്നും ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന ചടങ്ങാണ് തണ്ടികവരവ്. പോട്ടയില്‍ നിന്നും നന്ദനന്‍, കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ വാളും പരിചയും, കുത്തുവിളക്കും അകമ്പടിയായി കാല്‍നടയായി തണ്ടിക കൊണ്ടുവന്നത് 20 കിലോമീറ്ററോളം നടന്ന്. വൈകീട്ട് അഞ്ചരയോടെ തണ്ടിക ഇരിങ്ങാലക്കുട ഠാണാവിലുള്ള ദേവസ്വം വക സ്ഥലത്ത് എത്തി. തുലാമാസത്തിലെ തിരുവോണനാളിലാണ് തൃപ്പത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നത്.വര്‍ഷത്തില്‍ ആദ്യമായി കൃഷി ചെയ്തു വിളയിച്ച വിഭവങ്ങള്‍ കൊണ്ട് കൂടല്‍മാണിക്യസ്വാമിക്ക് നിവേദ്യം അര്‍പ്പിക്കുന്നതാണ് തൃപ്പുത്തരി. പിറ്റേന്ന് ഈ വസ്തുക്കള്‍ ദേവന് നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ഭക്തര്‍ക്ക് സദ്യയായി വിതരണം ചെയ്യും. 5000 ത്തോളം പേർക്കാണ് പുത്തരി സദ്യ നൽകുന്നത്. ഇരിങ്ങാലക്കുടയില്‍ മേളവാദ്യ ആഘോഷങ്ങളോടെയാണ് തണ്ടിക വരവിനെ സ്വീകരിച്ചത്. മേളവാദ്യങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട് ആറരയോടെ പള്ളിവേട്ട ആല്‍ത്തറയില്‍ എത്തിചേര്‍ന്ന് തണ്ടികവരവ് ക്ഷേത്രത്തിലേക്കു പുറപ്പെട്ടു. നിരവധി ഭക്തജനങ്ങളാണ് തണ്ടികയെ വരവേല്‍ക്കാന്‍ എത്തിച്ചേര്‍ന്നിരുന്നത്. ഒൻപതര തണ്ട് നേന്ത്രക്കുല, ഒരു തണ്ട് കദളിക്കുല, ഫലവ്യഞ്ജനങ്ങള്‍, കോടിവസ്ത്രം തുടങ്ങിയവയാണ് തണ്ടികയായി ക്ഷേത്രത്തിലെത്തിയത്. കിഴക്കേ നടയിൽ പാണ്ടിമേളവും അരങ്ങേറി. നാളെ വൈകീട്ട് 6 ന് കിഴക്കേ നടയിൽ കലാനിലയത്തിൻ്റെ നേതൃത്വത്തിൽ കഥകളിയും അരങ്ങേറും.

Please follow and like us: