53 അജണ്ടകളുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം; വിമർശനം ചൊരിഞ്ഞ് പ്രതിപക്ഷം

53 അജണ്ടുകളുമായി ഇരിങ്ങാലക്കുട നഗരസഭാ യോഗം; വിമർശനം ചൊരിഞ്ഞ് പ്രതിപക്ഷം; നഗരസഭയിലെ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാനുള്ള കരാറുകാരുടെ ” വിമുഖത ” വീണ്ടും യോഗത്തിൽ ചർച്ചാവിഷയം

ഇരിങ്ങാലക്കുട : 53 അജണ്ടകൾകളുമായി ഇരിങ്ങാലക്കുട നഗരസഭ യോഗം. വിമർശനവുമായി പ്രതിപക്ഷം. കഴിഞ്ഞ മാസം പേരിന് ഒരു കൗൺസിൽ മാത്രമാണ് ചേർന്നതെന്നും മാസത്തിൽ രണ്ട് കൗൺസിൽ എങ്കിലും വേണ്ടതാണെന്നും ഭരണസമിതി അംഗങ്ങൾ എല്ലാവരും കൃത്യമായി ഓണറേറിയം വാങ്ങിക്കുന്നവരാണെന്നും ഭരണസ്തംഭനത്തിൻ്റെ ലക്ഷണമാണിതെന്നും യോഗാരംഭത്തിൽ എൽഡിഎഫ് അംഗം സി സി ഷിബിൻ കുറ്റപ്പെടുത്തി. മാസത്തിൽ മൂന്നും നാലും യോഗങ്ങൾ ചേർന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞ മാസം 30 ന് സർക്കാർ അവധി പ്രഖ്യാപിച്ചത് കൊണ്ട് കൗൺസിൽ മാറ്റി വയ്ക്കേണ്ടി വന്നതാണെന്നും ചെയർപേഴ്സൺ വിശദീകരിച്ചു.

ഇരിങ്ങാലക്കുട നഗരസഭയിലെ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാനുള്ള കരാറുകാരുടെ ” വിമുഖത ” ഒരിക്കൽ കൂടി ചർച്ചാവിഷയമായി. എടുത്ത നിർമ്മാണ പ്രവർത്തനം വേണ്ടെന്ന് വയ്ക്കുകയാണെന്ന് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനോട് കരാറുകാരൻ പറഞ്ഞതിന് സാക്ഷിയാണെന്ന് ബിജെപി അംഗം ടി കെ ഷാജു വെളിപ്പെടുത്തി. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ്റെ വൺമാൻ ഷോയാണ് പദ്ധതി കുളമാക്കിയതെന്ന് ബിജെപി അംഗം സന്തോഷ് ബോബൻ കുറ്റപ്പെടുത്തി. ഗോപി, റോജോ എന്നീ കരാറുകാർക്ക് ഒരു കോടി വീതം നൽകാനുണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് ടി കെ ഷാജു പറഞ്ഞു. എന്നാൽ കുറച്ച് ബില്ലുകൾ നൽകിയിട്ടുണ്ടെന്നും അധികം പണം നൽകാനില്ലെന്നും നഗരസഭ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഇക്കാര്യത്തിൽ നഗരസഭയും കരാറുകാരും പറയുന്ന കണക്കുകളിൽ വൈരുധ്യമുണ്ടെന്നും ഭരണസമിതി അംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കരാറുകാരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വാതിൽമാടം കോളനിയിൽ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് സ്ഥലത്തിനും വീട് നിർമ്മാണത്തിനുമുള്ള പണം ലഭ്യമായിട്ടുണ്ടന്നും രജിസ്ട്രേഷൻ നടപടികൾക്കുള്ള പണം സിപിഎമ്മിൻ്റെ നേതൃത്വത്തിൽ കണ്ടെത്തി ഒക്ടോബർ 19 ന് എംഎൽഎ കൈമാറുമെന്ന് എൽഡിഎഫ് കൗൺസിലർ കെ ആർ ലേഖ അറിയിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബശ്രീയുമായി ധാരണ ആയിട്ടുണ്ടെന്നും എതാനും ദിവസങ്ങളായി പ്രവർത്തിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും ടി കെ ഷാജുവിൻ്റെ ചോദ്യത്തിന് മറുപടിയായി ചെയർപേഴ്സൺ വ്യക്തമാക്കി.

യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ , അംഗങ്ങളായ ടി വി ചാർലി, അൽഫോൺസ തോമസ്, അഡ്വ ജിഷ ജോബി, നെസീമ കുഞ്ഞുമോൻ, ഷെല്ലി വിൽസൻ, നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക് തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

Please follow and like us: