പാർക്ക് നവീകരണ പദ്ധതിയുടെ ടെണ്ടർ എറ്റെടുക്കാൻ കരാറുകാരുടെ കനിവും കാത്ത് ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ; പദ്ധതി കായിക മൽസരങ്ങളുടെയും പരിശീലനക്യാമ്പുകളുടെയും ദീർഘകാലത്തെ ചരിത്രമുള്ള എംജി പാർക്കിൻ്റെ മോചനത്തിനായി
ഇരിങ്ങാലക്കുട : വാർഡിലുളള പാർക്കിൻ്റെ നവീകരണ പദ്ധതി എറ്റെടുക്കാൻ കരാറുകാരുടെ കനിവ് കാത്ത് ഇരിങ്ങാലക്കുട നഗരസഭ വാർഡ് 25 കൗൺസിലർ സ്മിത കൃഷ്ണകുമാർ. എം ജി പാർക്കിൻ്റെ നവീകരണത്തിനായി 35 ലക്ഷം രൂപയുടെ കേന്ദ്ര ഫണ്ടിന് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭിച്ച് കഴിഞ്ഞ് ടെണ്ടർ നടപടികളിലേക്ക് എത്തിയിട്ടും ടെണ്ടർ എടുക്കാൻ ആളില്ലെന്നും ഫണ്ട് പാഴായിപ്പോകുമെന്ന ആധി നഗരസഭ ഭരണകൂടത്തിൻ്റെ മുമ്പിൽ അവതരിപ്പിക്കാൻ പാർക്ക് ക്ലബ് അംഗങ്ങളെയും കൂട്ടിയാണ് കൗൺസിലർ നഗരസഭയിൽ എത്തിയത്. കായിക മൽസരങ്ങളുടെയും പരിശീലന ക്യാമ്പുകളുടെയും ദീർഘകാലത്തെ ചരിത്രമുള്ള എംജി പാർക്ക് കാടും വാഴകളും നിറഞ്ഞ് അനാശാസ്യ പ്രവർത്തനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് പാർക്ക് ക്ലബ് അംഗങ്ങളും നഗരസഭ സെക്രട്ടറിയെ ധരിപ്പിച്ചു. നിയമാനുസ്യതമായ നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ടെന്നും കരാർ എടുപ്പിക്കാൻ കൗൺസിലറും ശ്രമിക്കണമെന്ന് സെക്രട്ടറി എം എച്ച് ഷാജിക്ക് മറുപടി നൽകി. ബില്ലുകൾ പാസ്സാക്കി നൽകാൻ നഗരസഭ അധികൃതർ വൈകുന്നത് കൊണ്ടാണ് കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകാത്തതെന്ന് കൗൺസിലർ തുടർന്ന് പറഞ്ഞു. കാട് പിടിച്ച് കിടക്കുന്ന പാർക്ക് വ്യത്തിയാക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് സെക്രട്ടറി ഉറപ്പ് നൽകി. ചെയർപേഴ്സനെയും കണ്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടാണ് കൗൺസിലറും പാർക്ക് ക്ലബ് അംഗങ്ങളും മടങ്ങിയത്.















