ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ അടയ്ക്കാൻ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ രംഗത്ത്; നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയിരുന്നതായും അസോസിയേഷൻ
ഇരിങ്ങാലക്കുട : പട്ടണത്തിലെ പ്രധാന റോഡിലെ അപകടക്കുഴികൾക്ക് പരിഹാരം കാണാൻ റെസിഡൻ്റസ് അസോസിയേഷൻ പ്രവർത്തകർ തന്നെ രംഗത്തിറങ്ങി. മാസങ്ങളായി അപകടരമായ കുഴികൾ നിറഞ്ഞ ക്രൈസ്റ്റ് കോളേജ് -എകെപി ജംഗ്ഷൻ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടയ്ക്കാൻ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ തന്നെ സഹി കെട്ട് രംഗത്ത് ഇറങ്ങുകയായിരുന്നു. 5000 ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന ക്രൈസ്റ്റ് കോളേജിലെയും അടുത്ത് തന്നെയുള്ള എഞ്ചിനീയറിംഗ് കോളേജിലെയും വിദ്യാർഥികൾ ആശ്രയിക്കുന്ന റോഡിലെ കുഴികളാണ് അസോസിയേഷൻ പ്രസിഡൻ്റ് ഷാജു കണ്ടംകുളത്തി, സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത്, ട്രഷറർ ബെന്നി പള്ളായി, മാത്യു ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിൽ അടച്ചത്. ഇത് സംബന്ധിച്ച് നേരത്തെ തന്നെ നഗരസഭ അധികൃതർക്ക് നിവേദനം നൽകിയിരുന്നതായി ഇവർ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഇരുചക്ര വാഹന യാത്രക്കാർ അപകടങ്ങൾക്ക് ഇരകളായി മാറിയെന്നും ഇവർ പറഞ്ഞു. അസോസിയേഷനിലെ തന്നെ എതാനും വ്യക്തികളുടെ സഹായത്തോടെയാണ് ഇതിനുള്ള പണം സമാഹരിച്ചത്.