” ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രമേ ഉള്ളൂവെന്നും ജീവിച്ച് പോട്ടേയെന്നും ബില്ലുകൾ പാസ്സാക്കണ” മെന്നും അഭ്യർഥിച്ച് നഗരസഭ ചെയർപേഴ്സൺ; കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം

” ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രമേയുള്ളൂവെന്നും ജീവിച്ച് പോട്ടെയെന്നും ബില്ലുകൾ കൊടുക്കണമെന്നും ” അഭ്യർഥിച്ച് നഗരസഭ ചെയർപേഴ്സൺ; എഞ്ചിനീയറിംഗ് വിഭാഗം ബില്ലുകൾ കൃത്യമായി നൽകാത്തത് കൊണ്ട് കരാറുകാർ നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കുന്നില്ലെന്ന് പ്രതിപക്ഷം; കഴിഞ്ഞ ദിവസം 15 ബില്ലുകൾ നൽകിയെന്ന് വിശദീകരിച്ച് ഉദ്യോഗസ്ഥർ

ഇരിങ്ങാലക്കുട : ” ഇനി കഷ്ടിച്ച് രണ്ട് മാസം മാത്രമേയുള്ളൂ. ജീവിച്ച് പോട്ടെ. എത്രയും വേഗം ബില്ലുകൾ കൊടുക്കണം” – പറയുന്നത് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്. അപേക്ഷിക്കുന്നത് നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗത്തോട്. വാർഡുകളിലെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയുടെ ക്ലൈമാക്സിലായിരുന്നു ഈ വാക്കുകൾ. ബില്ലുകൾ സമയത്തിന് ലഭിക്കാത്തത് കൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ എറ്റെടുക്കാൻ കരാറുകാർ തയ്യാറാവുന്നില്ലെന്നും ദയനീയമായ അവസ്ഥയാണെന്ന് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ തന്നെ പറയുകയാണെന്നും എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ അഡ്വ കെ ആർ വിജയ പറഞ്ഞു. ഒന്നേ കാൽ കോടി രൂപ കിട്ടാനുണ്ടെന്ന് ഒരു കരാറുകാരൻ തന്നെ പറഞ്ഞുവെന്നും ബില്ലുകൾ എഴുതാൻ മാത്രം എഞ്ചിനീയറിംഗ് വിഭാഗത്തിന് രണ്ട് ദിവസം അനുവദിക്കണമെന്നും സി സി ഷിബിനും പറഞ്ഞു. തുടർന്നാണ് ബില്ലുകൾ എത്രയും വേഗം കൊടുക്കണമെന്ന് പറഞ്ഞ ചെയർ പേഴ്സൺ ഇനി ഭരണസമിതിയുടെ കാലാവധി കഴിയുകയാണെന്ന് ഉദ്യോഗസ്ഥരെ ഓർമ്മിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം 15 ബില്ലുകൾ ട്രഷറിക്ക് കൊടുത്തിട്ടുണ്ടെന്നും 24 നിർമ്മാണ പ്രവൃത്തികൾ ടെണ്ടർ ഘട്ടത്തിലാണെന്നും എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ വിശദീകരിച്ചു.

വാർഡ് അഞ്ചിലെ കണക്കൻകുളം , വാർഡ് 35 ലെ തുറുകായ് കുളം എന്നിവ കുളങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്താൻ യോഗം തീരുമാനിച്ചു. മൂന്ന് കുളങ്ങളെ ഒഴിവാക്കിയതും രണ്ട് കുളങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയതും എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന് യോഗത്തിൽ ചോദ്യം ഉയർന്നു. തുറുകായ് കുളത്തിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ച് കഴിഞ്ഞതാണെന്നും അഭിപ്രായം ഉയർന്നു. എന്നാൽ തുറുകായ് കുളത്തിൽ ചളി നീക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ചെയ്യാനുണ്ടെന്നും നീന്തൽ പരിശീലന കേന്ദ്രമായി കുളത്തിനെ ഉയർത്തണമെന്നും ബിജെപി കൗൺസിലർ ടി കെ ഷാജു ആവശ്യപ്പെട്ടു. ആസ്തി രജിസ്റ്ററിൽ ഇല്ലാത്തത് കൊണ്ടും കയ്യേറ്റങ്ങൾ ഉള്ളതും വഴിയില്ലാത്തത് കൊണ്ടുമാണ് മൂന്ന് കുളങ്ങളെ ഒഴിവാക്കിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. പട്ടണഹൃദയത്തിലുള്ള ഞൗരിക്കുളത്തിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ സ്വന്തം ചിലവിൽ ചെയ്യാൻ തയ്യാറാണെന്നും കുളത്തെ നീന്തൽ പരിശീലന കേന്ദ്രമായി ഉയർത്തണമെന്നും ആവശ്യപ്പെട്ട് താൻ മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷ ഇത് വരെ അജണ്ടയിൽ വന്നിട്ടില്ലെന്നും സിപിഐ കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ വിമർശിച്ചു.

ഒക്ടോബർ മാസത്തിൽ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിൽ കേരളോൽസവം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Please follow and like us: