ചിലന്തി ജയശ്രീ അറസ്റ്റിൽ; പുത്തൻചിറ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 60 ലക്ഷത്തോളം രൂപ

ചിലന്തി ജയശ്രീ അറസ്റ്റിൽ;ആയുർ റിവർ വ്യൂ റിസോർട്ട് പദ്ധതിയുടെ പേരിൽ പ്രതി പുത്തൻചിറ സ്വദേശിയിൽ നിന്നും തട്ടിയെടുത്തത് 60 ലക്ഷമെന്ന് പോലീസ്.

ഇരിങ്ങാലക്കുട : തിരുവില്വാമലയിൽ ആയുർ റിവർ വ്യൂ റിസോർട്ട് എന്ന പേരിൽ ഒരു പ്രോജക്റ്റ് ആരംഭിക്കുന്നുണ്ടെന്നും അതിൽ പണം നിക്ഷേപിച്ചാൽ സാമ്പത്തിക നേട്ടമുണ്ടാകുമെന്നും വിശ്വസിപ്പിച്ച് 2022 ജനുവരി 28-ന് പുത്തൻചിറ സ്വദേശിയിൽ നിന്ന് വീട്ടിലെത്തി 10 ലക്ഷം രൂപ വാങ്ങുകയും തുടർന്ന് അക്കൗണ്ട് വഴിയും നേരിട്ടും 50 ലക്ഷം കൂടി വാങ്ങി 60 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതിയായ ചിലന്തി ജയശ്രീ എന്നറിയപ്പെടുന്ന വരന്തരപ്പിള്ളി വേലൂപ്പാടം കുറുവത്ത് വീട്ടിൽ ജയശ്രീയെ ( 61 വയസ് ) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ജയശ്രീ വടക്കാഞ്ചേരി, തൃശ്ശൂർ ഈസ്റ്റ്, പാലക്കാട് കോട്ടായി പോലീസ് സ്റ്റേഷൻ പരിധികളിലായി ഒമ്പത് തട്ടിപ്പ് കേസുകളിലും ഒരു അടിപിടിക്കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഷാജു.സി.എൽ, വനിതാ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻ ചാർജ്, എസ്.ഐ സൗമ്യ.ഇ.യു, എ.എസ്.ഐ. സീമ, എസ്.ഐ.മാരായ പ്രസാദ്, സുമൽ, എസ്.സി.പി.ഒ മാരായ ഉമേഷ്. ജീവൻ, അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: