നിക്ഷേപത്തുക തിരിച്ച് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഐടിയു ബാങ്കിന് മുന്നിൽ പ്ലാക്കാർഡുകളുമായി വയോധിക ദമ്പതികളുടെ സമരം; 79 കാരനായ ഈസ്റ്റ് കോമ്പാറ സ്വദേശി നിക്ഷേപിച്ചത് മുപ്പത് വർഷത്തെ പ്രവാസ ജീവിതത്തിലൂടെ നേടിയെടുത്ത പണം .
ഇരിങ്ങാലക്കുട : ” പണം തിരിച്ച് കിട്ടിയില്ലെങ്കിൽ ബാങ്കിൻ്റെ ഉള്ളിൽ കിടന്ന് മരിക്കും. എല്ലാവരെയും ഉള്ളിൽ ഇട്ട് കൊന്നോട്ടെ. കരുവന്നൂർ പോലെ തട്ടിപ്പ് തന്നെയാണ് ഇവിടെയും ” – പറയുന്നത് ഇരിങ്ങാലക്കുട ഐടിയു ബാങ്കിന് മുന്നിൽ നിക്ഷേപത്തുക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാക്കാർഡുമായി ഇരിക്കുന്ന വയോധിക ദമ്പതികളുടെ മക്കൾ. ഈസ്റ്റ് കോമ്പാറ തേക്കാനത്ത് വീട്ടിൽ 79 വയസ്സുള്ള ഡേവിസും ഭാര്യയുമാണ് രാവിലെ പത്ത് മണി മുതൽ ബാങ്കിൽ നിക്ഷേപിച്ച പണം ഉടൻ തിരിച്ച് നൽകണമെന്നും ബാങ്കിലെ കൊള്ളയിൽ ജീവിതം വഴി മുട്ടിയവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്ലാക്കാർഡുകളും പിടിച്ച് ബാങ്കിൻ്റെ ഹെഡ് ഓഫീസിന് മുന്നിൽ എത്തിയിരിക്കുന്നത്. ബഹ്റൈനിലെ ഗവ പ്രസ്സിൽ നീണ്ട മുപ്പത് വർഷക്കാലത്തെ അധ്വാനത്തിലൂടെ നേടിയെടുത്ത പണമാണ് ഡേവിസ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. രണ്ട് അറ്റാക്കും സ്ട്രോക്കും നേരിട്ടുള്ള പിതാവിന് നാല് ബ്ലോക്കുകൾ ഉണ്ട്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിൽസ നടത്തുന്നത്. അടിയന്തരമായി പേസ് മേക്കർ വയ്ക്കേണ്ടതുണ്ട്. ഇതിനുള്ള പണമാണ് തങ്ങൾ ചോദിക്കുന്നത്. ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിൽ വന്ന അന്ന് തന്നെ ഇതിനുള്ള അപേക്ഷ നൽകിയതാണ്. പിന്നീട് ഡോക്ടറുടെ റിപ്പോർട്ടും നൽകി. വിശദമായ റിപ്പോർട്ടും സഹിതം എത്തിയിട്ടും ആർബിഐ യിൽ നിന്നുള്ള മറുപടി ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതർ പറയുന്നതെന്ന് മാതാപിതാക്കളോടൊപ്പം എത്തിയിട്ടുള്ള മക്കളായ ജിജി, ജിഷ എന്നിവർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. പത്ത് ലക്ഷത്തിൽ അധികം തുകയാണ് ഇവർക്ക് ബാങ്കിൽ നിക്ഷേപമായിട്ടുള്ളത്. ഇതിൻ്റെ പലിശ കൊണ്ട് ജീവിത ചിലവുകൾ നിറവേറ്റുന്നത്. പണം ലഭിക്കാതെ മടങ്ങില്ലെന്ന നിലപാടിൽ ഇവർ ഉറച്ച് നിൽക്കുകയാണ്. അതേ സമയം ചികിൽസക്കുള്ള ഇവരുടെ അപേക്ഷ നേരത്തെ തന്നെ ആർബിഐ അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്നും രണ്ട് ദിവസത്തിനുള്ളിൽ പണം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ബാങ്ക് അധികൃതർ അറിയിച്ചു.