മാള സർവീസ് കോപ്പറേറ്റീവ് ബാങ്കിൽ പത്ത് കോടിയിലധികം രൂപയുടെ തട്ടിപ്പ്; കോൺഗ്രസ്സ് നേതാവ് കൂടിയായ ബാങ്ക് പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളുമടക്കം 21 പേരെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു.
മാള : മാള സർവീസ് കോപ്പറേറ്റീവ് ബാങ്കിലെ മുൻ പ്രസിഡന്റും 20 ഭരണസമിതി അംഗങ്ങളും 2006 ഒക്ടോബർ മുതൽ 2024 ഫെബ്രുവരി വരെയുളള വരെയുള്ള ദിവസങ്ങളിലായി വിലയില്ലാത്ത ഭൂമികൾ ക്രമക്കേട് നടത്തി ബാങ്കിൽ പണയപ്പെടുത്തി 10,07,69,991 (പത്തു കോടി ഏഴ് ലക്ഷത്തി അറുപത്തി ഒമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഒന്ന്) രൂപ വായ്പയായി വാങ്ങി നാളിതു വരെ തിരിച്ചടയ്ക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിനാണ് സഹകരണ സംഘം ജോയിൻ്റ് റജിസ്ട്രാർ (ജനറൽ) ന്റെ പരാതിയിൽ മാള പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.മാള സർവീസ് കോപ്പറേറ്റീവ് ബാങ്കിലെ മുൻ പ്രസിഡണ്ടും മുൻ ഡിസിസി ജനറൽ സെക്രട്ടറിയുമായ കുരുവിലശേരി വലിയപറമ്പ് സ്വദേശി അതിയാരത്ത് വീട്ടിൽ രാധാകൃഷ്ണൻ, ഡയറക്ടർ ബോർഡിലെ മെമ്പർമാരായിരുന്ന അബ്ദുള്ളക്കുട്ടി, ബിന്ദു പ്രദീപ്, ജയ്സൺ വർഗീസ്, ജിമ്മി ജോയ്, ജോഷി പെരേപ്പാടൻ, കൃഷ്ണൻകുട്ടി.ടി.പി, നിയാസ്, പി.സി.ഗോപി, പി.കെ.ഗോപി, പോൾസൺ ഓളാട്ടുപുറം, പ്രീജ ഉണ്ണികൃഷ്ണൻ, ഷിൻ്റോ എടാട്ടുകാരൻ, സിന്ധു അശോകൻ, തോമസ് പഞ്ഞിക്കാരൻ, വിജയ കുറുപ്പ്, വിത്സൻ കാഞ്ഞൂത്തറ, ബൈജു വാണിയംപള്ളി, ജോർജ്.പി.ഐ, ജോയ്.എം.ജെ, സെൻസൻ എന്നീ 21 പേരെയാണ് എഫ്ഐആർ ലെ പ്രതി പട്ടികയിൽ ചേർത്തിട്ടുള്ളത്. കാലങ്ങളായി കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടുകൾ സംബന്ധിച്ച് നേരത്തെ വിജിലൻസ് അന്വേഷണവും നടന്നിരുന്നു. നിക്ഷേപകർക്ക് നിലവിൽ പണം കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിൻശശി.വി യും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.