മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ സെൻ്റ് തോമസ് ഇടവക സമൂഹത്തിൻ്റെ പ്രതിഷേധം; കേന്ദ്ര, ചത്തീസ്ഗഡ് സർക്കാരുകളെ വിമർശിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ; അന്യായമായി അറസ്റ്റ് ചെയ്തവരെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് ഇടവക സമൂഹം
ഇരിങ്ങാലക്കുട :ചത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിൽ ഇരിങ്ങാലക്കുട സെൻ്റ് തോമസ് ഇടവക സമൂഹത്തിൻ്റെ പ്രതിഷേധം. പട്ടണത്തിൽ നടത്തിയ പ്രതിഷേധ റാലി കിഴക്കേ പള്ളിയിൽ ആരംഭിച്ച് ചന്തക്കുന്ന് ഠാണാ വഴി ബസ് സ്റ്റാൻഡിലെത്തി ടൗൺഹാളിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരും ചത്തീസ്ഗഡ് സർക്കാരും വഴി വിട്ട നടത്തിയ സമ്മർദ്ദമാണ് അന്യായമായ അറസ്റ്റിന് കാരണമായതെന്ന് ബിഷപ്പ് വിമർശിച്ചു. മതപരിവർത്തനത്തിനും മനുഷ്യക്കടത്തിനും തെളിവില്ലെന്ന് ജാമ്യം നൽകിയ വേളയിൽ കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വർഗ്ഗീയവാദികളായ സംഘ്പരിവാറിനെയും ബജ്റംഗ്ദളിനെയും വിളിച്ച് വരുത്തിയിട്ടാണോ റെയിൽവേ ഉദ്യോഗസ്ഥർ സംശയനിവാരണം നടത്തുന്നത്. 2014 ന് ശേഷം രാജ്യത്ത് ക്രൈസ്തവർക്ക് എതിരായി 6000 ത്തോളം അക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുറെ നിബന്ധനകളോടെയാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് റദ്ദാക്കാനും അന്യായമായി അറസ്റ്റ് ചെയ്തവരെ വിചാരണ നടത്തി ശിക്ഷിക്കാനും ഭരണകൂടം തയ്യാറാകണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ പി.ടി. ജോർജ്, സാബു ചെറിയാടൻ, തോമസ് തൊകലത്ത്, അഡ്വ.എം. എം. ഷാജൻ, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ,അസി.വികാരിമാരായ ഫാ. ഓസ്റ്റിൻ പാറക്കൽ, ഫാ. ബെൽഫിൻ കോപ്പുള്ളി, ഫാ. അന്റണി നമ്പളം, സിസ്റ്റർ. ജോസഫൈൻ, ടെൽസൺ കോട്ടോളി എന്നിവർ പ്രസംഗിച്ചു. സി.എം.സി. പ്രൊവിൻഷ്യൽ സുപ്പിരിയർ സിസ്റ്റർ. ധന്യ. സി.എം.സി. പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുവജന പ്രതിനിധി ബെൻസൺ തോമസ് പ്രമേയം അവതരിപ്പിച്ചു.കത്തീഡ്രൽ ഇടവകയിലെ ആയിരത്തോളം വിശ്വാസികൾ പങ്കെടുത്തു.