ടൗൺ ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച കോൺഗ്രസ്സ് നേതാവിൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജി വയ്ക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഐടിയു ബാങ്കിലേക്ക് സിപിഎം മാർച്ച്; ക്രമക്കേടുകൾ ആവർത്തിച്ചത് കൊണ്ടാണ് ആർബിഐ നിയന്ത്രണങ്ങൾ എർപ്പെടുത്തിയതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ
ഇരിങ്ങാലക്കുട : സഹകരണ സ്ഥാപനത്തെ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് ടൗൺ അർബൻ കോ-ഓപ്പറേറ്റിവ് ബാങ്കിനെ തകർച്ചയിലേക്ക് നയിച്ച കോൺഗ്രസ് നേതാവിൻ്റെ നേതൃത്വത്തിലുള്ള ഭരണ സമിതി രാജിവെക്കുക, ബാങ്കിലെ പ്രതിസന്ധിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ഹെഡ് ഓഫിസിലേക്ക് മാർച്ച് നടത്തി. സി പി ഐ എം ജില്ല സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു.38 വർഷം തുടർച്ചയായി ബാങ്ക് പ്രസിഡൻ്റായി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാവിന്റെ സ്വജനപക്ഷപാതിത്വവും അധികാര ദുർവിനിയോഗവും സഹകരണ നിയമങ്ങളോടുള്ള നിഷേധവുമാണ് ബാങ്കിനെ പ്രതിസന്ധിയിലാക്കിയതെന്ന് ഉദ്ഘാടകൻ പറഞ്ഞു. ആർ ബി ഐ നിയന്ത്രണം ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. നിരന്തരം ആവശ്യപെട്ടിട്ടും തിരുത്താതെ, ക്രമക്കേടുകൾ ആവർത്തിച്ചതുകൊണ്ടുണ്ടായതാണ്. സഹകരണ സ്ഥാപനങ്ങളിൽ മൂന്നുതവണയിൽ കൂടുതൽ ഒരേ ഭാരവാഹികൾ തുടരരുത് എന്നാണ് പുതിയ നിയമം. മൂടിവെയ്ക്കാൻ ഒന്നുമില്ലെങ്കിൽ ഈ തീരുമാനം അംഗീകരിക്കാൻ നിലവിലെ പ്രസിഡൻ്റ് തയ്യാറാകണം. അല്ലെങ്കിൽ നിക്ഷേപകരുടെയും സഹകാരികളുടെയും സുരക്ഷക്ക് പ്രസിഡൻ്റിനെ മാറ്റാൻ കോൺഗ്രസ് തയ്യാറാവണം. സിപിഐ എം നെ പഴിചാരി ടൗൺ ബാങ്കിലെ കൊടിയ അഴിമതി മൂടിവെയ്ക്കാമെന്ന് കരുതരുത്. കരുവന്നൂരിൽ നാല് ജീവനക്കാരുടെ നേതൃത്വത്തിൽ നടന്ന തട്ടിപ്പ് ആദ്യം കണ്ടെത്തിയത് സഹകരണ വകുപ്പാണ്. കുറ്റക്കാർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിച്ചു. ഇവിടെ ബാങ്കിൻ്റെ ഭരണനേതൃത്വം തന്നെയാണ് ക്രമക്കേടുകൾക്കും നേതൃത്വം നൽകുന്നത്. ബി ജെ പി യേയും കേന്ദ്ര അന്വേഷണ ഏജൻസികളെയും കൂട്ടുപിടിച്ച് സഹകരണ മേഖലയെ തകർക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. സഹകരണമേഖലയെ പന്താടാൻ സി പി ഐ എം തയ്യാറല്ല. എന്നാൽ കള്ളന്മാരെ സംരക്ഷിക്കാനും തയ്യാറല്ലെന്ന് എം എൽ എ പറഞ്ഞു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ അധ്യക്ഷനായി. ജില്ല കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ ആർ വിജയ, ഉല്ലാസ് കളക്കാട്ട്, ആർ എൽ ശ്രീലാൽ, ഏരിയ കമ്മിറ്റി അംഗം ഡോ. കെ പി ജോർജ് എന്നിവർ സംസാരിച്ചു.