വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളുടെ വേദിയായി ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻ്റ് ; മർദ്ദനമേറ്റ മാപ്രാണം സ്വദേശിയുടെ പരാതിയിൽ എഴ് പേർക്കെതിരെ കേസ്സെടുത്ത് പോലീസ്; ബസ് സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന മുകുന്ദപുരം താലൂക്ക് വികസന സമിതിയുടെ ആവശ്യം നടപ്പിലാക്കാൻ നടപടികൾ എടുക്കാതെ ഭരണസംവിധാനങ്ങളും
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനങ്ങളെ തുടർന്ന് കണ്ടാൽ അറിയാവുന്ന ഏഴ് പേർക്ക് എതിരെ പോലീസ് കേസ്സെടുത്തു. മർദ്ദനമേറ്റ മാപ്രാണം സ്വദേശി ആകാശിൻ്റെ പരാതിയിലാണ് വിദ്യാർഥികൾ അടക്കമുള്ളവരുടെ പേരിൽ പോലീസ് കേസ്സെടുത്തിരിക്കുന്നത്. പട്ടണത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വൈകുന്നേരങ്ങളിൽ ബസ് സ്റ്റാൻ്റ് യാത്രക്കാർക്കും മറ്റ് വിദ്യാർഥികൾക്കും ഇവിടെയുള്ള വ്യാപാരികൾക്കും ഭീതി ഉണർത്തി കൊണ്ട് വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിന് വേദിയായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ സംഘട്ടനത്തിനിടയിൽ പരിസരത്ത് കോഫി ഷോപ്പ് ഉടമയുടെ ബക്കറ്റുകളും തല്ലി തകർത്തിട്ടുണ്ട്. സംഭവങ്ങൾ ആവർത്തിച്ചിട്ടും ബസ് സ്റ്റാൻഡിൽ എറ്റവും തിരക്കുള്ള സമയത്ത് പോലീസിൻ്റെ സാന്നിധ്യമില്ലെന്ന വിമർശനം ഉയരുന്നുണ്ട്. വീടുകളിലേക്ക് മടങ്ങാതെ സ്റ്റാൻ്റിൽ ചുറ്റിതിരിയുന്ന വിദ്യാർഥികളെ നിയന്ത്രിക്കാൻ കാലങ്ങളായി പോലീസ് ഇടപെടുന്നില്ലെന്ന് ബസ് ഉടമകൾ അടക്കമുള്ളവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ റൂറൽ പോലീസിൻ്റെ ആസ്ഥാനമായ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ബസ് സ്റ്റാൻ്റ് തന്നെ ക്രമ സമാധാന ലംഘനങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സ്വകാര്യ ബസ് സ്റ്റാൻ്റിൽ അനുയോജ്യമായ സ്ഥലത്ത് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം മുകുന്ദപുരം താലൂക്ക് വികസന സമിതിയിൽ മാസങ്ങളായി ഉയരാറുണ്ടെങ്കിലും ഇത് വരെ നടപ്പിലായിട്ടില്ല. കഴിഞ്ഞ യോഗത്തിലും തൃശ്ശൂർ എംപി യുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ” ഇപ്പോ ശരിയാക്കാം ” എന്ന മറുപടി നഗരസഭ ഭരണനേതൃത്തിൽ നിന്നും ലഭിച്ചിട്ടും മാസങ്ങളായി . യോഗത്തിന് എത്തുന്ന പോലീസ് ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് സ്വീകരിക്കാറുള്ളതെങ്കിലും പോലീസ് എയ്ഡ് പോസ്റ്റ് ഇനിയും പ്രായോഗികമായിട്ടില്ല.