ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; മന്ത്രിക്കെതിരെ വീണ്ടും നഗരസഭ; മന്ത്രിയുടേത് ബാലിശമായ ധാർഷ്ട്യമെന്ന് വിമർശനം; റോഡ് നിർമ്മാണ പ്രവൃത്തിക്ക് ഇത് വരെ അനുമതി ലഭിച്ചിട്ടില്ലെന്നും എന്നും ജനങ്ങളോടൊപ്പമാണെന്നും നഗരസഭ

ഠാണാ- ചന്തക്കുന്ന് റോഡ് വികസനം; മന്ത്രിക്കെതിരെ വീണ്ടും നഗരസഭ; മന്ത്രിയുടേത് ബാലിശമായ ധാർഷ്ട്യമെന്ന് വിമർശനം; റോഡ് പ്രവൃത്തിയുടെ നിർമ്മാണാനുമതി പോലും ലഭിച്ചിട്ടില്ലെന്നും എന്നും ജനങ്ങളോടൊപ്പമാണെന്നും നഗരസഭ

ഇരിങ്ങാലക്കുട : ഠാണാ -ചന്തക്കുന്ന് റോഡ് വികസന വിഷയത്തിൽ മന്ത്രിയുടെ പ്രസ്താവനയെ ആവർത്തിച്ച് അപലപിച്ച് നഗരസഭ ഭരണകൂടം. കഴിഞ്ഞ ദിവസം കൗൺസിലിന് അകത്തും പുറത്തുമായി നടത്തിയ പ്രതിഷേധങ്ങൾക്ക് ശേഷം മന്ത്രിയുടെ നിലപാടിനെതിരെ പത്ര സമ്മേളനത്തിലൂടെ നഗരസഭ അധികൃതർ വീണ്ടും രംഗത്ത് വന്നു. തൃശ്ശൂർ – ഷൊർണ്ണൂർ റോഡ് നിർമ്മാണ പ്രവൃത്തിയെക്കുറിച്ച് നഗരസഭയെ കൃത്യമായി അറിയിക്കാറില്ല. നഗരസഭ കെട്ടിടങ്ങളുടെ നഷ്ടപരിഹാരം സംബന്ധിച്ച് 2024 ഒക്ടോബർ 24 നാണ് അറിയിപ്പ് ലഭിക്കുന്നത്. ഭൂവുടമകൾക്ക് നഷ്ടപരിഹാരം ലഭിച്ചപ്പോഴും നഗരസഭയ്ക്ക് തുക ലഭിച്ചിട്ടില്ല. ആദ്യ റീച്ചിൻ്റെ അടുത്തുള്ള കെട്ടിടങ്ങൾ പൊളിച്ചാൽ പണി ആരംഭിക്കാമെന്ന് പറഞ്ഞത് അനുസരിച്ച് മുനിസിപ്പൽ കോംപ്ലക്സ് 2024 ഡിസംബറിലും തുടർന്ന് 2025 എപ്രിലിൽ രണ്ടാമത്തെ കെട്ടിടവും പൊളിച്ച് നീക്കിയതാണെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് വ്യക്തമാക്കി. എന്നാൽ ഇത് വരെ ആദ്യ റീച്ചിൻ്റെ പണി ആരംഭിച്ചിട്ടില്ല. വെള്ളം, വൈദ്യുതി തുടങ്ങിയ യൂട്ടിലിറ്റി സർവീസുകളും പൂർത്തീകരിച്ചിട്ടില്ല. എല്ലാം ഒരുമിച്ച് പൊളിച്ച് ജനജീവിതം ദുരിതത്തിലാക്കിയത് മന്ത്രിയുടെ ബാലിശമായ ധാർഷ്ട്യം ഒന്ന് കൊണ്ട് മാത്രമാണ് . നിർമ്മാണ പ്രവൃത്തികളുടെ പേരിൽ കുടിവെള്ളം മുടങ്ങിയപ്പോൾ ലക്ഷങ്ങൾ ചിലവഴിച്ച് കുടിവെള്ളം നൽകിയത് നഗരസഭയാണ്. ഒരാഴ്ചക്കകം ആരംഭിക്കുമെന്ന് പറയുന്ന റോഡ് പ്രവൃത്തിയുടെ നിർമ്മാണാനുമതി കരാറുകാർക്ക് ലഭിച്ചിട്ടില്ല. നഗരസഭയും പൊതുജനങ്ങളും ഇത്രയേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോഴും നഗരസഭ എന്നും ജനങ്ങളോടൊപ്പമാണെന്ന് ചെയർ പേഴ്സൺ പറഞ്ഞു. വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൻ പാറേക്കാടൻ, കൗൺസിലർ ഒ എസ് അവിനാശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: