കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം എൻഎസ്എസിൻ്റെതെന്ന് കാരുകുളങ്ങര എൻഎസ്എസ് കമ്മിറ്റി ; 1975 ൽ ചാഴൂർ കോവിലകം ക്രയവിക്രയം ഒഴിയുള്ള എല്ലാ അധികാരങ്ങളും കൈമാറിയിട്ടുണ്ടെന്നും മേൽശാന്തിയെ അധിക്ഷേപിച്ച് കൊണ്ടുള്ള ഭക്തയുടെ പരാമർശം അപലപനീയമെന്നും കമ്മിറ്റി.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലുള്ള കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രം എൻഎസ്എസിൻ്റെതാണെന്ന് എൻഎസ്എസ് കാരുകുളങ്ങര കരയോഗം കമ്മിറ്റി. ക്ഷേത്രത്തിൻ്റെ നടത്തിപ്പ് ചാഴൂർ കോവിലകം 1975 ൽ കോവിലകത്തിൻ്റെ മൂന്നാം താവഴിയിൽ ഉള്ള 10 പേരാണ് ക്രയവിക്രയങ്ങൾ പാടില്ലെന്ന വ്യവസ്ഥയിൽ ക്ഷേത്രഭരണം എൻഎസ്എസിന് കൈമാറിയതെന്നും ഇപ്പോൾ ജീവിച്ചിരുപ്പുള്ള രണ്ട് പേരിൽ വിജയൻ എന്ന കേരളവർമ്മ തമ്പുരാൻ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും ക്ഷേത്രത്തിൻ്റെ ഉടമസ്ഥാവകാശം എൻഎസ്എസിൻ്റെയാണെന്നും കമ്മിറ്റി പ്രസിഡൻ്റ് പി രാധാകൃഷ്ണൻ, സെക്രട്ടറിയും വാർഡ് കൗൺസിലറുമായ സുജ സഞ്ജീവ്കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഉണ്ടായിരുന്ന ഭരണസമിതി രാജി വച്ച ഘട്ടത്തിൽ എൻഎസ്എസ് താലൂക്ക് യൂണിയനിൽ നിന്നും താത്കാലിക ചുമതല ലഭിച്ച രണ്ട് പേർ വ്യാജരേഖകൾ ചമച്ച് ബാങ്ക് ഇടപാടുകൾ നടത്തിവരികയായിരുന്നു. തുടർന്നാണ് പൊതുയോഗം വിളിച്ച് നിലവിലെ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. മേൽശാന്തിയെ ആക്ഷേപിച്ച് കൊണ്ട് ഭക്തയായ സ്ത്രീ നടത്തിയ പദപ്രയോഗം അപലപനീയമാണ്. ക്ഷേത്രത്തിലെ ഉൽസവം, പുനരുദ്ധാരണ പ്രവൃത്തികൾ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി ദേശക്കാരുടെ നേതൃത്വത്തിലാണ് നടന്നു വരുന്നത്. ക്ഷേത്രത്തിൽ ആദ്യമായി ജൂലൈ 22 ന് അഞ്ച് ആനകൾക്ക് ആനയൂട്ടും ഇല്ലം നിറയും നടക്കും. ട്രഷറർ ഇ നന്ദകുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ പി കെ ശിവദാസ് , കെ വി ശശിധരൻ, കെ സുനിൽകുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.