ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതി; ഇതിനകം പൂർത്തീകരിച്ചത് 13.5 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ; സഹായം ലഭിച്ചത് 3004 കുടുംബങ്ങൾക്ക്
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ സമഗ്ര കുടുംബ ക്ഷേമ പദ്ധതിയായ ബ്ലസ് എ ഹോമിലൂടെ ഇതിനകം പൂർത്തികരിച്ചത് 13.5 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 3004 കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്. പദ്ധതിയുടെ 15-ാം വാർഷിക ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സനീഷ് കുമാർ ജോസഫ് എംഎൽഎ രൂപതയുടെ ഹോം ഫോർ ഹോംലെസ് ലാന്റ് ബാങ്ക് പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി മുനിസിപ്പൽ ചെയർമാൻ ഷിബു വാലപ്പൻ, രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, ബ്ലസ് എ ഹോം പ്രസിഡന്റും വികാരി ജനറാളുമായ മോൺ. ജോളി വടക്കൻ, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സാജൻ കൊടിയൻ, ഹോളി ഫാമിലി പാവനാത്മ പ്രൊവിൻഷ്യൽ സിസ്റ്റർ ട്രീസ ജോസഫ്, ബ്ലസ് എ ഹോം ഡയറക്ടർ ഫാ ജിന്റോ വേരംപിലാവ്, വൈസ് പ്രസിഡന്റ് ജിജി മാമ്പിള്ളി, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡേവിസ് ഊക്കൻ, രൂപത ഏകോപന സമിതി ജോ.സെകട്ടറി പിന്റോ ചക്കാലക്കൽ, രൂപത കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോഷി പുത്തിരിക്കൽ, ഡയക്ടർ ബോർഡ് അംഗം ഷാജു പുതുശേരി, ടെൽസൺ കോട്ടോളി തുടങ്ങിയവർ പ്രസംഗിച്ചു.