കരിയും കരിമരുന്നുമില്ല ; വേറിട്ട ചിന്തയുമായി കാവനാട് മനയും കോമ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും; ഇനി എഴുന്നെള്ളിപ്പുകൾക്ക് കോമ്പാറ കണ്ണൻ എന്ന യന്ത്ര ആനയും; നടയിരുത്തിയത് സിത്താറിസ്റ്റ് അനുഷ്ക
ശങ്കറും പെറ്റ സംഘടനയും ചേർന്ന്
ഇരിങ്ങാലക്കുട : കരിയും കരിമരുന്നുമില്ല. ആചാരങ്ങളിൽ വീട്ടുവീഴ്ചയില്ലാത്ത കോമ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ആധുനികകാലത്ത് മാതൃകയാകുന്നതിങ്ങനെയാണ്. ഗജവീരമാരെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ കോമ്പാറ ക്ഷേത്രത്തിലെ ഉൽസവദിനങ്ങളിൽ പ്രത്യക്ഷപ്പെടുകയുമില്ല. ക്ഷേത്രത്തിൽ ആന എഴുന്നെള്ളിപ്പിന്നുള്ള സൗകര്യ കുറവും കനത്ത സാമ്പത്തിക ചിലവും മാത്രമല്ല കാവനാട് മനയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ കരിയോടും കരിമരുന്നിനോടും വിട പറയാനുള്ള തീരുമാനങ്ങൾക്ക് നയിച്ചത്. ആനകളോടുള്ള പീഡനങ്ങൾ, ആനകൾ മൂലം ഉണ്ടാകുന്ന മരണങ്ങൾ എന്നിവ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്ന ചിന്തയും ഭരണസമിതിക്കുണ്ട്. എഴുന്നെള്ളിപ്പിന് ആന വേണമെന്ന് തന്ത്ര ശാസ്ത്രപരമായി എവിടെയും പറഞ്ഞിട്ടില്ലെന്ന് കാവനാട് മനയുടെ രക്ഷാധികാരി കാവനാട് രവി ചൂണ്ടിക്കാണിക്കുന്നു. 2016 മുതൽ ക്ഷേത്രത്തിൽ തേര് തയ്യാറാക്കിയാണ് എഴുന്നള്ളിപ്പ് നടത്തുന്നത്. ദേശീയമാധ്യമങ്ങളിൽ വരെ വിഷയം ഇടം പിടിച്ചതോടെ സിത്താറിസ്റ്റ് അനുഷ്ക ശങ്കറും പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെൻ്റ് ഓഫ് ആനിമൽസ് (പെറ്റ )യും ചേർന്ന് യഥാർഥ ആനയുടെ വലിപ്പമുള്ള മെക്കാനിക്കൽ ആനയെ (കോമ്പാറ കണ്ണൻ) കോമ്പാറ ക്ഷേത്രത്തിൽ നടയിരുത്താൻ തീരുമാനിക്കുകയായിരുന്നു. കോമ്പാറ കണ്ണനെ പോലെയുള്ള ആനകളെ കൂടുതലായി ക്ഷേത്രങ്ങൾ ഉപയോഗിച്ച് തുടങ്ങുന്നതോടെ യഥാർഥ ആനകൾക്ക് അവരുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ വളരാൻ കഴിയുമെന്ന് അനുഷ്ക ശങ്കറും ചൂണ്ടിക്കാണിക്കുന്നു. ഇതിനകം എഴ് യന്ത്ര ആനകളെ പെറ്റ രാജ്യത്ത് സംഭാവന ചെയ്തു കഴിഞ്ഞു. മൂന്ന് മീറ്റർ ഉയരവും 800 കിലോഗ്രാം ഭാരവും റബ്ബർ, ഫൈബർ, മെറ്റൽ, മെഷ്, ഫോം, സ്റ്റീൽ എന്നിവ ഉപയോഗിച്ച് നിർമ്മിക്കുകയും അഞ്ച് മോട്ടോറുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന യന്ത്ര ആനയ്ക്ക് അഞ്ച് ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. ഇവയ്ക്ക് തല കുലുക്കാനും ചെവികളും കണ്ണുകളും ചലിപ്പിക്കാനും വാലാട്ടാനും തുമ്പിക്കൈ ഉയർത്താനും വെള്ളം തളിക്കാനും കഴിയും. ഉണ്ടായിവാരിയർ സ്മാരകകലാനിലയം സെക്രട്ടറി സതീഷ് വിമലൻ ആന സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ശേഷം പഞ്ചാരിമേളവും അരങ്ങേറി.