തെരുവുനായ ഷെൽട്ടർ നിർമ്മിക്കാൻ 25 ലക്ഷം രൂപ വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ ബഡ്ജറ്റ്; നവതി ആഘോഷങ്ങളുടെ ഭാഗമായി 90 വീടുകൾ നിർമ്മിച്ച് നൽകാൻ 10 കോടിയും നീക്കി വച്ച് ബഡ്ജറ്റ്
ഇരിങ്ങാലക്കുട : തെരുവുനായ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുടയിൽ ” തെരുവുനായ ഷെൽട്ടർ” നിർമ്മിക്കാൻ 25 ലക്ഷം വകയിരുത്തി ഇരിങ്ങാലക്കുട നഗരസഭയുടെ 2026- 27 വർഷത്തെ ബഡ്ജറ്റ് . ബസ് സ്റ്റാൻഡ് പുതുക്കി നിർമ്മിക്കുന്നതിനും ടൗൺ ഹാൾ ഷോപ്പിംഗ് കോംപ്ലക്സ്, ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് എന്നിവയുമായി ബന്ധപ്പെട്ട് മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം ഒരുക്കുന്നതിനും 27 കോടി രൂപയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 2385487898 രൂപ വരവും 2344650000 രൂപ ചിലവും 40837898 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് വൈസ് ചെയർപേഴ്സൻ ചിന്ത ധർമ്മരാജൻ അവതരിപ്പിച്ചത്
നഗരസഭയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി അർഹരായ 90 പേർക്ക് വീടുകൾ നിർമ്മിച്ച് നൽകാൻ പത്ത് കോടി 80 ലക്ഷവും പൊതുമരാമത്ത് മേഖലയിൽ 10 കോടിയും കുടിവെള്ള വികസന പദ്ധതിക്ക് 2 കോടിയും മുനിസിപ്പൽ മൈതാന നവീകരണ പദ്ധതിക്ക് രണ്ട് കോടിയും ഹെറിറ്റേജ് മാർക്കറ്റിന് 6 കോടിയും നഗര സൗന്ദര്യവൽക്കരണ പദ്ധതിക്ക് ഒരു കോടിയും ചാത്തൻ മാസ്റ്റർ സ്മാരക നവീകരണത്തിന് ഒരു കോടിയും അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ജലസംരക്ഷണത്തിന് മൂന്ന് കോടിയും ചാത്തൻ മാസ്റ്റർ സ്മാരക നവീകരണത്തിന് ഒരു കോടിയും വകയിരുത്തിയിട്ടുണ്ട്.
കിഫ്ബിയുടെ സഹായത്തോടെ ആധുനിക അറവുശാല പദ്ധതിക്ക് 25 കോടിയും കൃഷി സംരക്ഷണത്തിന് 20 കോടിയും ആരോഗ്യ മേഖലയ്ക്ക് 7 കോടിയും ദ്രവമാലിന്യ സംസ്കരണ പദ്ധതികൾക്ക് 19 കോടിയും പട്ടികജാതി വികസനത്തിന് 3 കോടിയും ഭിന്നശേഷി സംഗമ പദ്ധതിക്ക് 50 ലക്ഷവും റിപ്പബ്ലിക് പാർക്ക് സൗന്ദര്യവൽക്കരണ പദ്ധതിക്ക് 50 ലക്ഷവും വയോജന ക്ഷേമ പദ്ധതിക്ക് 51 ലക്ഷം രൂപയും ഓഫീസ് നവീകരണ പദ്ധതിക്ക് 2.6 കോടി രൂപയും ടൗൺ ഹാൾ നവീകരണത്തിനായി 75 ലക്ഷവും ബഡ്ജറ്റിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
ബഡ്ജറ്റിനെ ആസ്പദമാക്കിയുള്ള ചർച്ച ബുധനാഴ്ച രാവിലെ 10. 30 ന് നടക്കും. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.















