കരുവന്നൂർ സഹകരണ ബാങ്ക് ഭരണ സമിതി തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വിജയം; തിരഞ്ഞെടുപ്പ് ഫലം ബാങ്കിന് എതിരെ അപവാദ പ്രചാരണം നടത്തിയ കോൺഗ്രസിനും ബിജെപിക്കുമുള്ള മറുപടിയെന്ന് എൽഡിഎഫ്
ഇരിങ്ങാലക്കുട :കരുവന്നൂർ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് വിജയം.പോൾ ചെയ്ത 3039 വോട്ടിൽ 94 വോട്ടുകൾ അസാധുവായി. സാധുവായ 2945 വോട്ടുകളിൽ എൽ ഡി എഫ് സ്ഥാനാർഥികൾക്ക് 2002 മുതൽ 2131 വരെ വോട്ടുകൾ ലഭിച്ചു.731 വോട്ടാണ് ബിജെപി പാനലിൽ ലഭിച്ച കൂടിയ വോട്ട്.
ആർ എൽ ശ്രീലാൽ, അശോകൻ കുനിയത്ത്, ബാലൻ കൊറ്റായി, കെ ഡി ദാമോദരൻ നമ്പൂതിരി, വി എസ് സജി, എ സി സനീഷ്, എം ആർ അജിത്, മനോജ് പുളിയത്ത്പറമ്പിൽ, സി എം സാനി, ശ്രീമ രാജീവ്, പി സി രഘു എന്നിവരാണ് വിജയിച്ചത്. 40 വയസ്സിന് താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ അഡ്വ.സുജില നിതീഷും നിക്ഷേപക വിഭാഗത്തിൽ പി കെ വത്സലൻ എന്നിവർ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്കൂളിൽ രാവിലെ 9 മുതൽ വൈകീട്ട് മൂന്ന് വരെയാണ് വോട്ടെടുപ്പ് നടന്നത്. കോടികളുടെ ക്രമക്കേട് കണ്ടെത്തിയ ബാങ്കിൽ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഎം ഭരിച്ചിരുന്ന ബാങ്ക് 2020 മുതൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോൺഗ്രസ് ഭരണ സമിതി തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതോടെ ഇടതുപക്ഷവും ബിജെപിയും തമ്മിലായിരുന്നു മൽസരം. ബാങ്കിന് എതിരെ അപവാദ പ്രചാരണം നടത്തിയ കോൺഗ്രസിനും ബിജെപിക്കുമുള്ള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചൂണ്ടിക്കാട്ടി. വൈകീട്ട് നടന്ന ആഹ്ളാദപ്രകടനത്തിന് എൽഡിഎഫ് നേതാക്കളായ വി എ മനോജ്കുമാർ, എൻ കെ ഉദയപ്രകാശ്, എം ബി രാജു മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.















