തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം; മഹാത്മാ പുരസ്കാരം പൂമംഗലം പഞ്ചായത്തിന്
തൃശ്ശൂർ : തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി സംസ്ഥാന തദ്ദേശ വകുപ്പ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന പഞ്ചായത്തുകൾക്ക് നൽകുന്ന മഹാത്മാ പുരസ്കാരം തൃശ്ശൂർ ജില്ലയിലെ പൂമംഗലം ഗ്രാമപഞ്ചായത്തിന്.
2024-25 സാമ്പത്തിക വർഷത്തിലെ പുരോഗതിയാണ് അവാർഡ് ലഭിച്ചത്. വാർഡ് 9 ലെ വടക്കുംകര ഗവ. യുപി സ്കൂളിലെ ചുറ്റുമതിൽ, വാർഡ് രണ്ടിലെ ഷട്ടിൽ കോർട്ട്, വാർഡ് നാലിലെ ചെറിയകുളം സൈഡ് പ്രൊട്ടക്ഷൻ എന്നിവ നൂതന പ്രോജക്റ്റുകളായി തിരഞ്ഞെടുത്തു. നൂതന പ്രോജക്ടുകൾ, എസ് സി കുടുംബങ്ങൾക്ക് കൂടുതൽ തൊഴിൽ ദിനം നൽകൽ, എൻഎംഎംഎസ് 100%, വേതന വിതരണം 100% എന്നീ മേഖലകളിലുള്ള മികച്ച പ്രകടനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. 2026 ഫെബ്രുവരി 19 ന് കണ്ണൂർ ജില്ലയിൽ വെച്ച് നടക്കുന്ന സംസ്ഥാന തദ്ദേശ ദിനാഘോഷച്ചടങ്ങിൽ വെച്ച് ഈ പുരസ്കാരം ഏറ്റുവാങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എസ്. തമ്പി അറിയിച്ചു.















