തെരുവ് നായകളെ പാർപ്പിക്കാൻ ഷെൽട്ടർ നിർമ്മിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം

തെരുവ് നായകളെ പാർപ്പിക്കാൻ ഷെൽട്ടർ നിർമ്മിക്കാൻ ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൽ തീരുമാനം; തകർന്ന് കിടക്കുന്ന റോഡുകളുടെ പുനർനിർമ്മാണം മാർച്ച് അവസാനത്തോടെ പൂർത്തീകരിക്കുമെന്ന് ആവർത്തിച്ച് ഭരണനേതൃത്വം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ 25 സെൻ്റ് സ്ഥലം അഞ്ച് വർഷത്തേക്ക് വാടകയ്ക്ക് എടുത്ത് തെരുവുനായ്ക്കൾക്കായി ഷെൽട്ടർ നിർമ്മിക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഒന്നരമാസത്തിനുള്ളിൽ ഷെൽട്ടറിൻ്റെ നിർമ്മാണം പൂർത്തിയാക്കും. മാർച്ചിനുള്ളിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും വിവിധ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായും ഫാ ഡിസ്മസ് റോഡ് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കുമെന്നും യോഗത്തിൽ ചെയർമാൻ വ്യക്തമാക്കി. ഭരണസമിതി അധികാരത്തിൽ വന്നിട്ട് ഒരു മാസമായെന്നും ഇത് സംബന്ധിച്ച് ചെയർമാൻ നൽകിയ ഉറപ്പുകൾ നടപ്പിലായിട്ടില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ചെയർമാൻ മറുപടി നൽകിയത്. മൂന്ന് വർഷങ്ങളായി നടക്കാത്ത കല്ലട റോഡ് നിർമ്മാണമാണ് മുപ്പത് ദിവസത്തിനുള്ളിൽ യാഥാർഥ്യമാകാൻ പോകുന്നതെന്നും ചെയർമാൻ സൂചിപ്പിച്ചു

അയ്യങ്കാവ് മൈതാനം ഒരാഴ്ചക്കാലത്തേക്ക് എക്സിബിഷൻ നടത്താൻ വാടകയ്ക്ക് നൽകിയതിൽ യോഗത്തിൽ വിമർശനം ഉയർന്നു. മൈതാനം കളി സ്ഥലമായി തന്നെ നിലനിറുത്തണമെന്നും ഒളിംപ്യൻ ടൂർണ്ണമെൻ്റിന് വേണ്ടി ലക്ഷങ്ങൾ ചിലവഴിച്ച് സജ്ജീകരിച്ച മൈതാനത്ത് ഇപ്പോൾ കുഴികൾ എടുത്ത് കൊണ്ടിരിക്കുകയാണെന്നും മൈതാനത്തിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ബൈ ലോ ഉണ്ടാക്കണമെന്നും ബിജെപി പാർലമെൻ്ററി പാർട്ടി ലീഡർ ടി കെ ഷാജുട്ടൻ യോഗത്തിൽ ആവശ്യപ്പെട്ടു.

വാർഡ് 13 ൽ ഉള്ള ജവഹർ കോളനിയിലെ 24 പുരയിലും അടുത്തുള്ള ഫ്ലാറ്റിലും അറ്റകുറ്റപ്പണികൾ നടത്തണമെന്നും പല ഫ്ലാറ്റുകളും ഒഴിഞ്ഞ് കിടക്കുകയാണെന്നും എൽഡിഎഫ് അംഗങ്ങളായ സി സി ഷിബിൻ, കെ എസ് പ്രസാദ് പറഞ്ഞു. അനർഹരായ പലരും ഫ്ലാറ്റുകൾ കൈവശം വച്ചിരിക്കുകയാണെന്നും ഇവരെ ഒഴിവാക്കണമെന്നും വാർഡ് കൗൺസിലർ കുര്യൻ ജോസഫും ആവശ്യപ്പെട്ടു. 24 പുരയുടെയും ഫ്ലാറ്റുകളുടെയും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പദ്ധതിക്ക് രൂപം നൽകാമെന്ന് ചെയർമാൻ മറുപടി നൽകി. മൂർക്കനാട് പുറക്കാട്ടുകുന്ന് കോളനിയിലെ 94 എസ് സി കുടുംബങ്ങൾ കുടിവെള്ളക്ഷാമം നേരിടുകയാണെന്നും പരിഹരിക്കാൻ അടിയന്തര ഇടപെടലുകൾ വേണമെന്ന് മെമ്പർ വിഷ്ണു പ്രഭാകരനും മാടായികോണം യുപി സ്കൂളിലെ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങൾ വ്യത്തിയാക്കണമെന്ന് മെമ്പർ അജിത്കുമാറും ആവശ്യപ്പെട്ടു.തളിയക്കോണം ബാപ്പുജി സ്റ്റേഡിയതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ എവിടെയും എത്തിയിട്ടില്ലെന്നും മൈതാനം നശിപ്പിച്ച് വെണ്ണീറാക്കിയെന്നും സ്പോർട്സ് കൗൺസിലിൽ നിന്നും മൈതാനം തിരിച്ച് പിടിക്കണമെന്നും ടി കെ ഷാജുട്ടൻ ആവശ്യപ്പെട്ടു. സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് ലഭിച്ച 1418 അപേക്ഷകളിൽ 962 അപേക്ഷകൾ യോഗം അംഗീകരിച്ചു. യോഗത്തിൽ ചെയർമാൻ എം പി ജാക്സൻ അധ്യക്ഷത വഹിച്ചു.

Please follow and like us: