ഇരിങ്ങാലക്കുട ഫെസ്റ്റ് ഇന്ന്മുതൽ അയ്യങ്കാവ് മൈതാനിയിൽ; ഫ്ലവർ ഷോയും അമ്യൂസ്മെൻ്റ് പാർക്കും ഉൾപ്പെടെയുള്ള പരിപാടികളെന്ന് സംഘാടകർ
ഇരിങ്ങാലക്കുട : കർഷകരുടെ കൂട്ടായ്മയായ വാൻഗാർഡിൻ്റെ നേതൃത്വത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 10 വരെ അയ്യങ്കാവ് മൈതാനത്ത് നടക്കുന്ന ഇരിങ്ങാലക്കുട ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.31 ന് വൈകീട്ട് 6 ന് നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ ടി ജി ശങ്കരനാരായണൻ, വാൻഗാർഡ് ചെയർമാൻ ടി എസ് സജീവൻമാസ്റ്റർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പുഷ്പോൽസവം, അമ്യൂസ്മെൻ്റ് പാർക്ക്, വെർച്ച്വൽ റിയാലിറ്റി സെൻ്റർ, പെറ്റ് ഷോ, ചിൽഡ്രൻസ് പ്ലേ സോൺ, ഫുഡ്കോർട്ട് , ഗായകൻ ജാസിഗിഫ്‌റ്റ് സംഗീത നിശ,
ഐഡിയ സ്റ്റാർസിങ്ങർ വിജയി അരവിന്ദ് നയിക്കുന്ന മ്യൂസിക്ക് ത്രില്ലർ, മഹേഷ്കുഞ്ഞുമോൻ അവതരിപ്പിക്കുന്ന മിമിക്സ് വിത്ത് ഡാൻസ്, കളരി അഭ്യാസ പ്രകടനം, സൗപർണിക നമ്പ്യാരുടെ നൃത്തം, സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ തൊറ, തുണി എന്നീ രണ്ട് നാടകങ്ങൾ, പ്രതീപ് പുലാനിയുടെ വൺമാൻഷോ, സുഗതൻ പൊറത്തിശ്ശേരിയുടെ കഥാപ്രസംഗം, ബിഷോയ് അനിയൻ നയിക്കുന്ന ബി.ജി.എം ബാൻ്റ് ബാനറിലുള്ള ഫ്യൂഷൻ, പതിനേഴ് വയസ്സിന് താഴെയുള്ള കലാകാരന്മാരുടെ നേതൃത്വത്തിലുള്ള സംഗീത വിസ്മയം ഡബ്ബാബീറ്റ്, ജില്ലാതലത്തിലുള്ള പതിനാറ് വനിത ടീമുകൾ മത്സരിക്കുന്ന വീരനാട്യം മത്സരം, രജനീഷ് ചാക്യാരുടെ ചാക്യാർ കൂത്ത് എന്നിവയാണ് പ്രധാന പരിപാടികൾ. സംഘാടകരായ ഖാദർ പട്ടേപ്പാടം, ആർ എൽ ജീവൻലാൽ, നജീബ്, ഷെറിൻ അഹമ്മദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.















