നിയമസഭ തിരഞ്ഞെടുപ്പ്; മുന്നണി മര്യാദ പാലിക്കണമെന്നും എകോപനം ഇല്ലാത്തത് കൊണ്ടാണ് കഴിഞ്ഞ രണ്ട് തവണയും പരാജയം ഏറ്റുവാങ്ങേണ്ടി വന്നതെന്നും കോൺഗ്രസ് യോഗത്തിൽ വിമർശനം
ഇരിങ്ങാലക്കുട : നിയമസഭ തിരഞ്ഞെടുപ്പിൽ മുന്നണി മര്യാദ പാലിക്കണമെന്നും സ്ഥാനാർഥി ആരായാലും ചിഹ്നമോ ആളെയോ നോക്കാതെ സ്ഥാനാർഥിയെ ജയിപ്പിക്കാൻ തയ്യാറാകണമെന്നും കഴിഞ്ഞ രണ്ട് തവണയും പരാജയം നേരിട്ടത് ഇത്തരം സമീപനം ഇല്ലാത്തത് കൊണ്ടാണെന്നും കോൺഗ്രസ്സ് യോഗത്തിൽ വിമർശനം. നിയമസഭ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും തീവ്ര വോട്ടർ പട്ടിക പരിഷ്കരണം സംബന്ധിച്ചും എഐസിസി സെക്രട്ടറി പി വി മോഹനൻ പങ്കെടുത്ത പൊറത്തിശ്ശേരി മണ്ഡലത്തിലെ ബൂത്ത് ലെവൽ എജൻ്റുമാരുടെ യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് അഡ്വ സിജു പാറേക്കാടനാണ് വിമർശനം ഉയർത്തിയത്. തുടർച്ചയായി രണ്ട് തവണ പരാജയപ്പെട്ട അഡ്വ തോമസ് ഉണ്ണിയാടനെ മാറ്റണമെന്ന് യോഗത്തിൽ അഡ്വ പി എൻ സുരേഷ് ആവശ്യം ഉന്നയിച്ചതാണ് ചർച്ചയ്ക്ക് കാരണമായത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും നഗരസഭയിൽ മാത്രമാണ് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞതെന്നും മണ്ഡലത്തിൽ വോട്ട് കണക്കിൽ പാർട്ടി പുറകിലാണെന്നും സ്വന്തം നിഴലിനോട് മൽസരിക്കാതെ ഫാസിസ്റ്റ് വർഗ്ഗീയ എതിരാളികളെ തോൽപ്പിക്കാൻ ഒറ്റക്കെട്ടായി പൊരുതണമെന്നും സിജു പാറേക്കാടൻ ആവശ്യപ്പെട്ടു. വ്യത്യസ്ത അഭിപ്രായങ്ങൾ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് എഐസിസി സെക്രട്ടറി ഉറപ്പു നൽകി. ചാത്തൻ മാസ്റ്റർ ഹാളിൽ നടന്ന യോഗത്തിൽ കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി, ബ്ലോക്ക് പ്രസിഡൻ്റ് സോമൻ ചിറ്റേത്ത് , മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി, ബൂത്ത് പ്രസിഡണ്ടുമാർ, വാർഡ് കമ്മിറ്റി പ്രസിഡണ്ടുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.















